പ്രതികരിക്കാതെ ഉദ്യോഗസ്ഥർ

തൃശൂർ: പാലക്കാട് വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച് ജുഡീഷ്യൽ കമ്മിഷൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. രണ്ടാമത്തെ പെൺകുട്ടി മരിക്കുമ്പോൾ സ്റ്റേഷൻ ഇൻ ചാർജായിരുന്ന ചാക്കോയുടെയും പൊലീസ് ഉദ്യോഗസ്ഥൻ പ്രേമാനന്ദന്റെയും മൊഴികളാണ്‌ തൃശൂരിൽ രാമനിലയത്തിൽ കമ്മിഷൻ ചെയർമാൻ പി.കെ ഹനീഫ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അഡീഷണൽ എസ്.പി എം.ജെ സോജന്റെ മൊഴി കഴിഞ്ഞ ദിവസം ആലുവയിൽ നിന്നെടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലെ നടന്നത്.

രാവിലെ പത്തോടെ ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് വരെ തുടർന്നു. ഓരോരുത്തരുടെയും മൊഴി വെവ്വേറെയാണെടുത്തത്. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്നായിരുന്നു പ്രധാന പരിശോധന. കമ്മിഷനോ, ഉദ്യോഗസ്ഥരോ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പ്രതി ചേർക്കപ്പെട്ട അഞ്ചിൽ നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ പാലക്കാട്‌ പോക്‌സോ കോടതി വിട്ടയച്ചിരുന്നു.

പ്രൊസിക്യൂഷന് വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്നാൽ അന്വേഷണ സംഘത്തിന് തെറ്റുപറ്റിയെന്നായിരുന്നു പ്രൊസിക്യൂഷന്റെ കുറ്റപ്പെടുത്തൽ. പ്രതികളെ വെറുതെ വിട്ട സംഭവം വിവാദമായതോടെയാണ് റിട്ട. ജില്ലാ ജഡ്ജി പി.കെ ഹനീഫയെ ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയമിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തും ഏതെങ്കിലും തരത്തിൽ വീഴ്ചയുണ്ടോയെന്ന് കമ്മിഷൻ പരിശോധിക്കും. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദി ആര്, അവർക്കെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്നും കമ്മിഷൻ നിർദ്ദേശിക്കും. കേസിനെക്കുറിച്ചുള്ള വിവരം പതിനാലു ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന, ജില്ലാ പൊലീസ്‌ മേധാവികൾക്കും പ്രോസിക്യൂട്ടർ ഉൾപ്പെടെയുള്ളവർക്കും കമ്മിഷൻ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ തേടും. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനോട് നിർദ്ദേശിച്ചിട്ടുള്ളത്. 2017 ജനുവരി 13നാണ് പതിമൂന്നു വയസുകാരിയെയും മാർച്ച് നാലിന് ഒൻപതു വയസുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.