കൊടുങ്ങല്ലൂർ: ഇന്നലെയുണ്ടായ തീവയ്പും മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലും മതിലകത്തും രണ്ട് വീതം കേസുകൾ രജിസ്റ്റർ ചെയ്തു. തണ്ടാംകുളത്തും വത്സാലയത്തിലെ തീവയ്പുമായി ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂരിലെ കേസ്. ത്രിവേണിയിൽ കാറിന് നേർക്കുണ്ടായ കല്ലേറും വിവേകാനന്ദ ക്ളബ്ബിലെ അതിക്രമവുമായി ബന്ധപ്പെട്ടാണ് മതിലകത്തെ കേസുകൾ.

വാഹനങ്ങൾ കത്തിച്ച സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി, ശക്തമായ പട്രോളിംഗും ഏർപ്പെടുത്തി. നാട്ടിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.പി. വിജയ കുമാരൻ , ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ പി.കെ പത്മരാജൻ, എസ്.ഐ ഇ.ആർ ബൈജൂ എന്നിവർ വ്യക്തമാക്കി.

കൊടുങ്ങല്ലൂരിൽ കടകൾക്ക് നേരെ നടന്ന കല്ലേറിലും കടയടപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ബി.ജെ.പി നടത്തിയ പ്രകടനത്തിനിടെ കടകൾക്ക് കല്ലെറിഞ്ഞ രണ്ട് പ്രതികളിൽ ഒരാളായ ആമണ്ടൂർ വെള്ളാരപ്പിള്ളി കണ്ണനെ (39) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.

ഈ കേസിലെ മറ്റൊരു പ്രതിയായ സലിയെന്ന പൊറോട്ട സലി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കടകൾ അടച്ച് പ്രതിഷേധിച്ച ചില കടകളിൽ രാജ്യദ്രോഹികൾ എന്ന പോസ്റ്റർ പതിച്ച് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച ആല ചെമ്പനേഴത്ത് സുബീഷ് (26) അറസ്റ്റിലായി. ഇതിന് പുറമെ ജനജാഗ്രതാ സമിതി നടത്തിയ സമ്മേളനത്തോടനുബന്ധിച്ച് കടകൾ അടച്ച് വർഗീയ ചേരിതിരിവിന് ശ്രമിച്ച വ്യാപാരികൾക്കെതിരെയും കേസെടുത്തു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.