പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ മാടയ്ക്കാക്കൽ പാലത്തിന് സമീപം ഇടത് ചെമ്മീൻ ചാലിനെയും കെ.എൽ.ഡി.സി കനാലിനെയും ബന്ധിപ്പിക്കുന്ന കൽവെർട്ടിന്റെ നിർമ്മാണം ഫ്രെബ്രുവരി 15ന് ആരംഭിക്കും. കെ.എൽ.ഡി.സി ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. മൂന്ന് സ്പാനുകളോടെയുള്ള ബോക്‌സ് കൽവെർട്ടാണ് നിർമ്മിക്കുക.

മതുക്കര - പുല്ല റോഡിന് കുറുകെ 70 അടി നീളത്തിലും 18 അടി വീതിയിലുമാണ് കൽവെർട്ട് നിർമ്മിക്കുന്നത്. നബാർഡിന്റെ 1.06 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. നിലവിൽ മൂന്ന് ഓവുകൾ മാത്രമാണ് വെള്ളം കടന്നു പോകാനായുള്ളത്. കൽവെർട്ട് നിർമ്മിക്കുന്നതോടെ ഇരു കനാലുകളിലെയും ജല നിരപ്പ് നിയന്ത്രിക്കാനാകും.

മൂന്ന് മാസം കൊണ്ട് കൽവർട്ടിന്റെ നിർമ്മാണം പൂർത്തീകരിക്കും. റോഡിന് സമാന്തരമായി താത്കാലിക റോഡ് നിർമ്മിച്ച ശേഷമാണ് കൽവെർട്ടിന്റെ നിർമ്മാണം ആരംഭിക്കുക. പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ്, വാർഡ് അംഗം ടി.ജി. പ്രവീൺ, അസി. പ്രൊജക്ട് എൻജിനിയർ പി.എ. കുഞ്ഞു, ഓവർസിയർ എം. രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.

കൽവെർട്ട് ഇങ്ങനെ

മതുക്കര - പുല്ല റോഡിന് കുറുകെ

70 അടി നീളത്തിലും 18 അടി വീതിയിലും

നിർമ്മാണം നബാർഡിന്റെ 1.06 കോടിയിൽ

മൂന്ന് ഓവുകളിലൂടെ മാത്രം വെള്ളം പോകും

കനാലുകളിലെ ജലനിരപ്പ് നിയന്ത്രിക്കാം