തൃശൂർ: ഭിന്നശേഷിക്കാരും രോഗബാധിതരുമായ കുട്ടികളെ സഹായിക്കാൻ പൂങ്കുന്നം ഹരിശ്രീ വിദ്യാ നിധി സ്‌കൂളിലെ ഒരു കൂട്ടം കലാ വിദ്യാർത്ഥികൾ ഒരുക്കിയ ഡിസൈൻ സാരികളുടെ പ്രദർശനവും വിതരണ മേളയും സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു. ഫാഷൻ ഡിസൈനർ അഞ്ജലി വർമയും ഹരിശ്രീ സ്‌കൂളും സഹകരിച്ചാണ് 'വീവിംഗ് സമൈൽസ്' സംഘടിപ്പിച്ചത്. ഡിസൈൻ സാരികളിൽ ഹരിശ്രീ സ്‌കൂളിലെ കൊച്ചു കലാകാരന്മാർ ചിത്രം വരച്ചാണ് വിതരണത്തിന് തയാറാക്കിയത്.
സ്‌കൂളിലെ തെരഞ്ഞെടുത്ത 60 വിദ്യാർത്ഥികൾക്ക് ചിത്രകലയിൽ പ്രത്യേക പരിശീലനവും നൽകി. പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ചേർന്നാണ് ഡിസൈനർ സാരികളിൽ തങ്ങളുടെ സർഗാത്മക രചന നടത്തിയത്. രണ്ടു ലക്ഷത്തിലേറെ രൂപ ഇതുവഴി സമാഹരിച്ചു. ലഭിച്ച മുഴുവൻ തുകയും ഭിന്നശേഷിക്കാരും മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുമായ കുട്ടികളുടെ ദുരിതാശ്വാസ, പുനരധിവാസ രംഗത്ത് പ്രവർത്തിക്കുന്ന സൊലേസിന് കൈമാറി. ഹരിശ്രീ വിദ്യാ നിധി സ്‌കൂൾ സ്ഥാപക നളിനി ചന്ദ്രൻ, സുഷമ നന്ദകുമാർ, സൊലേസ് സ്ഥാപക ഷീബ അമീർ എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പൽ ജയ നാഗരാജൻ അദ്ധ്യക്ഷത വഹിച്ചു.