തൃശൂർ: സംസ്ഥാനത്തെ നൂറിൽപരം വകുപ്പുകളിലെ പട്ടിക വിഭാഗങ്ങളുടെ ഒഴിവുകൾ നികത്തണമെന്ന് എസ്.സി, എസ്.ടി എംപ്ലോയിസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളിലായി പട്ടിക വിഭാഗം ഉദ്യോഗസ്ഥരുടെ 2279 ഒഴിവുകൾ പൊതുഭരണ വകുപ്പിലേയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടും പി.എസ്.സിക്ക് റിപ്പോർട്ട് നൽകാത്തതിനാലാണ് നിയമന കാലതാമസം ഉണ്ടാവുന്നത്.
ഗസറ്റഡ് പദവിയിൽ പട്ടികജാതിക്കാരുടെ 153 ഒഴിവുകളും പട്ടികവർഗത്തിന് 184 ഉം നോൺ ഗസറ്റഡ് തസ്തികയിൽ പട്ടിക ജാതിക്ക് 780 ഉം പട്ടികവർഗത്തിന് 893 ഒഴിവുകളുമുണ്ട്. ലാസ്റ്റ് ഗ്രേസ് തസ്തികയിൽ പട്ടിക ജാതിക്ക് 188 ഉം പട്ടികവർഗത്തിന് 81 ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് പി .വി രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ വി.പി പുഷ്പവല്ലി അദ്ധ്യക്ഷനായി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മിഷൻ മുൻ ചെയർമാൻ റിട്ട. ജഡ്ജ് ഡോ. പി. എൻ. വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.എ. സജീവ്, രാജു കിഴക്കൂടൻ, എ.ജി. വേണുഗോപാൽ, പി.കെ. കൊച്ചുരാമൻ , വി.എം. വാസു, എം.കെ. ദേവിദാസൻ എന്നിവർ പ്രസംഗിച്ചു.