തൃശൂർ : ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായിട്ടുള്ള വികാസത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇക്കാര്യം ജില്ലാ ടെലികോം കമ്മിറ്റി ഉറപ്പാക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. തൃശൂർ പാഴായിയിൽ രണ്ടാമത്തെ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ സി. കെ. ബാബുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിസരത്ത് 15ഓളം പേർക്ക് കാൻസർ ബാധിച്ചിട്ടുണ്ട്. ചിലർ മരിച്ചു. ഇപ്പോൾ കരിപ്പാട്ടിൽ മുരളി എന്നയാളിന്റെ വസ്തുവിൽ എയർടെൽ ടവർ സ്ഥാപിക്കാൻ നടപടി തുടങ്ങിയിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ജില്ലാ കളക്ടറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി. നെൻമണിക്കര പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്‌തെങ്കിലും സമവായത്തിലെത്തിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ജില്ലാ ടെലികോം കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിഷയം സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ കമ്മിറ്റിയിൽ പരാതി പറയാനുള്ള അവസരം നിഷേധിച്ചതായി പരാതിക്കാരൻ അറിയിച്ചു. ജീവിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ജില്ലാ ടെലികോം കമ്മിറ്റി പരാതിക്ക് പരിഹാരം കാണണമെന്നും പരാതിക്കാർക്ക് ആക്ഷേപം ഉന്നയിക്കാനുള്ള അവസരം ജില്ലാ കളക്ടർ നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു...