കാഞ്ഞാണി: കണ്ടശ്ശാംകടവ് ചന്തയിലെ ഏഴ് അനധികൃത കടകൾ മണലൂർ പഞ്ചായത്ത് അധികൃതർ സീൽ ചെയ്തു. രേഖകൾ പഞ്ചായത്തിന് സമർപ്പിക്കാൻ ഹൈകോടതി അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്നാണ് നടപടി. കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഉടമസ്ഥയിലുള്ളതാണ് ചന്ത പ്രവർത്തിക്കുന്ന സ്ഥലവും കെട്ടിടവും. അനധികൃതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന 13 കടകൾക്കെതിരെ പള്ളി അധികൃതരാണ് ഹൈകോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചെങ്കിലും ഏഴ് കടകളുടെ എട്ട് ഉടമകൾ വീണ്ടും കോടതിയെ സമീപിച്ചു. ഇവർക്ക് സാനിറ്ററി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പഞ്ചായത്തിന് സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു. അതിന്റെ സമയം കഴിഞ്ഞതോടെയാണ് മത്സ്യവിൽപ്പന കടകൾ ഉൾപ്പെടെ ഏഴ് കടകൾ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സാന്നിദ്ധ്യത്തിൽ സീൽ ചെയ്തത്.
നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി ടി.വി ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർ വിമൽ കുമാർ, അന്തിക്കാട് എസ്.ഐ മുരളീധരൻ, സീനിയർ ക്ലർക്ക് റാഫേൽ എന്നിവർ ഉണ്ടായിരുന്നു...