തൃശൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൃശൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും ബോധവത്കരണം ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഇവരെ ജോലിക്ക് നിയമിക്കുന്ന ലേബർ കോൺട്രാക്ടർമാർക്ക് കർശന നിർദ്ദേശം നൽകണമെന്ന് ലേബർ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഇടങ്ങളിലും അവരുടെ ജോലി സ്ഥലങ്ങളിലും മക്കൾ പഠിക്കുന്ന വിദ്യാലയങ്ങളിലും ആവശ്യമായ ലഘു ലേഖകളും പോസ്റ്ററുകൾ വിതരണം ചെയ്യും. ജില്ലയിൽ ഏതാണ്ട് 75,000 ഇതര സംസ്ഥാന തൊഴിലാളികളുള്ള സാഹചര്യം കണക്കിലെടുത്താണ് ബോധവത്കരണം. പഞ്ചായത്ത് തലത്തിലും ഇവർക്കാവശ്യമായ അവബോധം നൽകും. വകുപ്പുകളുടെ പ്രവർത്തനം ഏകീകരിച്ച് ബോധവത്കരണത്തിന് വേണ്ട നിർദ്ദേശങ്ങളും നേതൃത്വവും നൽകും.