തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിനൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ സർവകലാശാലയും രംഗത്ത്. സർവകലാശാലയ്ക്ക് കീഴിലെ 312 കോളേജുകളിലുള്ള ലക്ഷത്തിലേറെ വിദ്യാർത്ഥികളെയും 18,000ലേറെ അദ്ധ്യാപകരെയും ഏകോപിപ്പിച്ചാണ് ബോധവത്കരണ പരിപാടികൾക്ക് രൂപം നൽകുക.
ഇതിന്റെ ഭാഗമായി പത്ത് ലക്ഷം വീടുകളിൽ കൊറോണ ബാധ സംബന്ധിച്ച ബോധവത്കരണ ഉപാധികൾ എത്തിക്കും. സ്‌കൂളുകളിലും കേളേജുകളിലും പ്രചരണ പരിപാടികൾ നടത്തും. പൊതുജനരോഗ്യ വകുപ്പ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ സഹകരണത്തോടെയാകും നടപടികൾ കൈക്കൊളളുകയെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹൻ കുന്നുമേൽ, കെറോണ വൈറസ് ബാധ സംബന്ധിച്ച് ആരോഗ്യ സർവകലാശാല വിളിച്ച് ചേർത്ത യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വൈറസിന്റെ വ്യാപനം, നിലവിൽ ലോകാരോഗ്യ മേഖലയിലെ മാറ്റങ്ങൾ, പ്രതിരോധ, ബോധവത്കരണ മാർഗ്ഗങ്ങൾ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകളാണ് നടന്നത്. ജനങ്ങൾക്കിടയിൽ വ്യാപകമായ ഇടപെടലുകൾ നടത്താൻ ആരോഗ്യ വിദ്യാർത്ഥികളെ സജ്ജമാക്കിയുള്ള പ്രവർത്തനം നടത്തണമെന്ന് അഭിപ്രായമുയർന്നു. ആരോഗ്യ സർവകലാശാലയുടെ സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് ഗൈഡൻസ് പ്രോഗ്രാം സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. പ്രതിരോധ ബോധവത്കരണ പ്രവർത്തനം രേഖപ്പെടുത്തും. ഇതിന് സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ തേടും. വൈറോളജി മേഖലയിലും പൊതുജനാരോഗ്യ സംരക്ഷണരംഗത്തും ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള ആരോഗ്യ വിദഗ്ദ്ധരാണ് പങ്കെടുത്തത്. സംസ്ഥാന ആസൂത്രണ ബോർഡംഗവും ജനകീയ ആരോഗ്യ മേഖലയിലെ പ്രമുഖനുമായ ഡോ. ബി. ഇഖ്ബാൽ, ഹാർവാർഡ് സർവകലാശാലയിലെ ആരോഗ്യ വിദഗ്ദ്ധൻ ഡോ. സുനിൽ ചാക്കോ, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഉപദേശകരായ ഡോ. ഷൗക്കത്ത് അലി, ഡോ. ഹരികുമാർ, വെറ്ററിനറി സർവകലാശാലയിലെ വിദഗ്ദ്ധൻ ഡോ. എം.കെ നാരായണൻ, നിപ പ്രതിരോധത്തിൽ പ്രധാന പങ്ക് വഹിച്ച ഡോ. ചാന്ദ്‌നി, ഡോ. റീത്ത, ഡോ. അനീഷ്, ഡോ. ബിനു, ഡോ. വി. വി ഉണ്ണിക്കൃഷ്ണൻ, ഡോ. പുരുഷോത്തമൻ, ഡോ. മിനി, ഡോ. നളിനാക്ഷൻ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധി സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു...