തൃശൂർ: വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിച്ച് നല്ല സന്ദേശം പ്രചരിപ്പിക്കാൻ ആരോഗ്യശാസ്ത്ര സർവകലാശാലയിലെ വിദ്യാർത്ഥികളുടെ മൊബൈൽ ഡാറ്റാ ബേസ് ഉപയോഗപ്പെടുത്തും. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചും അവ നിർമ്മിക്കുന്ന പ്രചരണസാമഗ്രികൾ ഉപയോഗപ്പെടുത്തിയാവും പ്രവർത്തനം.

പ്രചാരണത്തിനായി വിദ്യാർത്ഥികൾ സൃഷ്ടിക്കുന്ന ആശയത്തിന് ആരോഗ്യ വിദഗ്ദ്ധ സമിതി പരിശോധനയിലൂടെ അനുമതി നൽകും. വൈദ്യസമൂഹത്തെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും അത്തരത്തിൽ ആശയവിനിമയം ശക്തമാക്കുന്നതിനുമാവും മുൻഗണന നൽകുക. സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാർ, കോളേജ് യൂണിയനുകൾ എന്നിവയെയും പ്രവർത്തനങ്ങളുടെ ഭാഗമാക്കും. വെറ്ററിനറി സർവകലാശാലയുടെ വൺ ഹെൽത്ത് സെന്റർ എന്ന ആശയവും ബോധവത്കരണത്തിന് ഉപയോഗിക്കും. പൊതുജനാരോഗ്യ സംരക്ഷണ ബോധവത്കരണ പ്രചാരണ രംഗത്ത് പുതിയ ഇടപെടൽ നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ സർവകലാശാല.