ചാലക്കുടി: മദ്യശാലയിൽ നശിപ്പിക്കുന്നതിന് മണ്ണിൽ കുഴിച്ചിട്ട വിദേശമദ്യം പരിസരത്തെ കിണറുകളിലെത്തിയ സംഭവം ജില്ലാ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങി പരിസരവാസികൾ. നഗരസഭ താത്കാലിക പ്രതിവിധി നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് തൊട്ടടുത്ത ഫ്‌ളാറ്റ് ഉടമ ജോഷി മാളിയേക്കൽ കളക്ടർക്ക് പരാതി നൽകുന്നത്.

പതിനെട്ട് കുടുംബങ്ങളുടെ കുടിവെള്ളത്തിനാണ് തടസമുണ്ടായത്. രചന ബിയർ പാർലറിൽ നിന്നാണ് കഴിഞ്ഞ ദിവസം ആറായിരം ലിറ്റർ പഴകിയ വിദേശ മദ്യം കുഴിച്ചുമൂടിയത്. എന്നാൽ ഇത് സമീപത്തെ കിണറുകളിലേയ്ക്ക് ഊർന്നെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ ഇവർക്ക് വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതിനിടെ രണ്ടു വാട്ടർ കണക്ഷനുകൾ നഗരസഭ അടിയന്തരമായി നൽകി. രണ്ടു ലോഡ് കുടിവെള്ളവും എത്തിക്കുന്നുണ്ട്. എങ്കിലും പ്രശ്‌നം രൂക്ഷമാവുകയാണ്. പരിസരത്ത് ഇപ്പോഴും ആൽക്കഹോളിന്റെ രൂക്ഷ ഗന്ധവും നിറഞ്ഞുനിൽക്കുന്നുണ്ട്.