തൃശൂർ: തന്റെ മതം രാഷ്ട്രത്തെ സേവിക്കലാണെന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ച ഗാന്ധി ചർക്കയും ഉപ്പും പോലുള്ള തികഞ്ഞ മതേതരമായ ചിഹ്നങ്ങളിലൂടെയാണ് ഇന്ത്യൻ ജനതയെ ഒരുമിപ്പിക്കാൻ ശ്രമിച്ചതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സാഹിത്യ അക്കാഡമിയുടെ ചടങ്ങിൽ സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയകാലത്ത് ഗാന്ധി നേരിടേണ്ടിവരുന്ന പലതരം വിയോജിപ്പുകളും അദ്ദേഹത്തിന്റെ പൂർണ്ണമായ വ്യക്തിത്വത്തെയും പല ഗാന്ധിമാർ നിലനിന്നിരുന്നുവെന്ന വസ്തുതയെയും തിരിച്ചറിയാതെയുണ്ടാകുന്നതാണ്. രാഷ്ട്രീയത്തിൽ ഗാന്ധിജി മതംകലർത്തി എന്ന ആരോപണം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സവിശേഷമായ മതസങ്കല്പനത്തെയും പൂർണ്ണമായി മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയത എത്രതവണ വെടിവച്ചുവീഴ്ത്തിയാലും പുനർജ്ജനിക്കുന്ന സത്യമാണ് ഗാന്ധിയെന്ന് ഉദ്ഘാടനപ്രസംഗം നടത്തിയ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പറഞ്ഞു. ഡോ. പി.വി. കൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. അക്കാഡമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ സ്വാഗതം പറഞ്ഞു.