തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ജില്ലയിൽ ആകെ 230 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 41 പേർ ഇന്ന് പുതുതായി നിരീക്ഷണത്തിലായി. വീടുകളിൽ 202 പേർ കരുതൽ നിരീക്ഷണത്തിൽ കഴിയുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ 19 ഉം ജനറൽ ആശുപത്രിയിൽ 9 ഉം ഉൾപ്പെടെ 28 പേരാണ് ആശുപത്രിയിലുളളത്.
68 സാമ്പിളുകൾ ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചു. പുതുതായി 18 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ അയച്ച സാമ്പിളുകളിൽ 15 എണ്ണത്തിന്റെ ഫലം ലഭ്യമായി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിപുലമായ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ, അങ്കണവാടി, ആശാപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർക്കുള്ള പരിശീലന പരിപാടികൾ തുടരുകയാണ്.
5794 പേർക്ക് ഇന്നലെ മാത്രം പരിശീലനം നൽകി. ഇതുവരെ 20,297 പേർക്ക് പരിശീലനം നൽകി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ ദൂരീകരിക്കുന്നതായി ഫോൺ വഴിയുള്ള കൗൺസലിംഗ് ഫലപ്രദമായി നടത്തുന്നുണ്ട്. 177 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. വനിതശിശു ക്ഷേമ വകുപ്പിന്റെ കീഴിലുളള 10 കൗൺസിലർമാരെ കൂടി പൊതുജനങ്ങളുടെ സംശയനിവാരണത്തിന് പുതുതായി നിയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ ബോധവത്കരണം നടത്താൻ തൊഴിൽ വകുപ്പ് നടപടി ആരംഭിച്ചു.
പഠനയാത്ര ഒഴിവാക്കണം
രോഗഭീഷണി മാറുന്നതുവരെ സ്‌കൂളുകളിൽ നിന്ന് പഠനയാത്ര പോകുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സാമൂഹിക മാധ്യമങ്ങൾ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും ബഹുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പിന്റെ മൂന്ന് പേർ അടങ്ങുന്ന സഹായകേന്ദ്രം പ്രവർത്തിക്കുന്നു. മെഡിക്കൽ കോളേജിലേക്കും ജനറൽ ആശുപത്രിയിലേക്കും 5 വീതം നഴ്‌സുമാരുടെ സേവനം അധികമായി ലഭ്യമാക്കി.
ഒരാൾ കൂടി അറസ്റ്റിൽ
കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തൻച്ചിറ കുറ്റിയിൽ ഹൗസ് മനോജ് (44) ആണ് അറസ്റ്റിലായത്.