ചാലക്കുടി: പഠനത്തിൽ മികവ് പുലർത്തിയ നവ്യയ്ക്ക് കൂരയ്ക്കു പകരം അടച്ചുറപ്പുള്ള വീടൊരുങ്ങുന്നു. വേളൂക്കരയിലെ എരുമേൽ നാരായണന്റെ മകളാണ് പതിനാറുകാരിയായ നവ്യ. പ്ലസ്ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയായിരുന്നു ഈ മിടുക്കിയും ഒപ്പം അവളുടെ ഷീറ്റുകളാൽ മറച്ച കൂരയും ജനശ്രദ്ധയാകർഷിച്ചത്.
അടച്ചുറപ്പുപോലുമില്ലാത്ത വീട്ടിലിരുന്ന പഠിച്ച് ഉന്നത വിജയം നേടിയ നവ്യയ്ക്കും കൂടുംബത്തിനും പുതിയ വീടുനിർമ്മിച്ചു നൽകാൻ സി.പി.എം കാഞ്ഞിരപ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയാണ് നേരത്തെ തീരുമാനിച്ചത്. ഇപ്പോൾ താമസിക്കുന്ന ആറ് സെന്റ് സ്ഥലം പല ബന്ധുക്കളുടെ പേരിലായിതും മുകളിലൂടെ ടവർ ലൈൻ കടന്നു പോകുന്നതിനും പുതിയ വീടുനിർമ്മാണത്തിന് പ്രതിബന്ധമായി. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. പിന്നീട് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എം.എ. പോളാണ് തന്റെ പറമ്പിൽ നിന്നും നാലു സെന്റ് സ്ഥലം വീടു നിർമ്മാണത്തിന് നൽകാൻ തീരുമാനിച്ചത്. നാട്ടുകാരുടെ സഹായത്തോടെ പാർട്ടിതന്നെ ഇവൾക്ക് വീടും നിർമ്മിച്ചുനൽകും.
വീടിന്റെ തറക്കല്ലിടൽ ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനീഷ് ജോസ്, സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. ജോണി, ലോക്കൽ സെക്രട്ടറി പി.കെ. കറപ്പൻ തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു. കൂലിപ്പണിക്കാരനായ പിതാവ് നാരായണൻ, അമ്മ നിഷ, സഹോദരി നിത്യ എന്നിവരും പുണ്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.