ചാലക്കുടി: വെട്ടിക്കുഴിയിൽ വീണ്ടും കാട്ടാന ശല്യം. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിൽ എത്തിയ ആനകൾ രണ്ടാളുകളുടെ കാർഷിക വിളകൾ നശിപ്പിച്ചു. മണലിൽ മാത്യു ,പാലാട്ടി അഗസ്റ്റിൻ എന്നിവരുടെ കൃഷിയിടമായിരുന്ന തകർത്തത്. വാഴകളായിരുന്നു കൂടുതലും നശിച്ചത്. എട്ടോളം ആനകളുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
ചാലക്കുടിയിലെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാപകമായി വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് ഇല്ലാതാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ചായപ്പൻകുഴി സി.പി.ഐ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. മനുഷ്യ ജീവനും ആനശല്യം ഭീഷണിയായിത്തീർന്നു. നൂറുകണക്കിന് കുടുംബങ്ങൾ നേരിടുന്ന ദുരിതം നേരിൽ കാണുന്നതിന് വനം മന്ത്രി സ്ഥലം സന്ദർശിക്കുക, നാശം സംഭവിച്ചവർക്ക് സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ടി.ബി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി. മനോഹരൻ, പി.സി. ജനാർദ്ദനൻ, കെ.വി. രാജപ്പൻ, ടി.വി. പരമേശ്വരൻ, പി.വി. ജോസ് എന്നിവർ പ്രസംഗിച്ചു.