ഇരിങ്ങാലക്കുട : കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം കുറിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കല്ലേറ്റുംകര കുടുംബശ്രീ ഹാളിൽ നടന്ന ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 28ന് നാലിന് ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മഹാസഭയുടെ സ്ഥാപക നേതാവ് പി.കെ ചാത്തൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന കുഴിക്കാട്ടുകോണത്തെ സ്മൃതി കുടീരത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും.

വൈകീട്ട് 5 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സാംസ്‌കാരിക പൊതുസമ്മേളനം സംഘടിപ്പിക്കും. 29 ന് ദീപശിഖ പ്രയാണത്തെ എതിരേറ്റ് പതിനായിരങ്ങൾ പങ്കെടുക്കുന്ന സാംസ്‌കാരിക വിളംബര റാലി തൃശൂരിൽ സംഘടിപ്പിക്കും. മന്ത്രിമാർ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ, സിനിമ, കലാ, കായിക, സമുദായിക രാഷ്ട്രീയ രംഗത്തെ അമ്പത് പ്രമുഖ വ്യക്തിത്വങ്ങൾ ഒന്നിച്ച് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്കാണ് നേതൃത്വം കൊടുക്കുകയെന്ന് പുന്നല ശ്രീകുമാർ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ് ആശ്‌ദോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി.എസ് റെജികുമാർ, പി.എ അജയഘോഷ്, ശാന്താ ഗോപാലൻ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പ്രശോഭ് ഞാവേലി, കെ.പി.എം.എഫ് സംസ്ഥാന അസി. സെക്രട്ടറി രമ അർജജുനൻ, കെ.എസ് രാജു, സന്ദീപ് അരിയാപുറം, പി.എ രവി, പരമേശ്വരൻ എന്നിവർ സംസാരിച്ചു.