തൃശൂർ: വിവിധ ജീവികളെ ജീവനോടെ ഭക്ഷിക്കാനായി നൽകുന്ന ചൈനയിലെ മാർക്കറ്റുകൾ അപകടകരമാണെന്ന് പ്രശസ്ത വൈറോളജി ശാസ്ത്രജ്ഞനും ഹാർഡ് വാർഡ് സർവകലാശാലയിലെ മുൻ പ്രൊഫസറുമായ ഡോ. സുനിൽ ചാക്കോ പറഞ്ഞു. കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ ബോധവത്കരണങ്ങൾക്കായി ആരോഗ്യ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തരം മാർക്കറ്റുകൾ മാരക വൈറസുകളുടെ ഉറവിടമാകാം. ചൈന വലിയ രാജ്യമായതിനാൽ ജൈവ കാലാവസ്ഥാ വൈവിദ്ധ്യം അവിടെ ഏറെയാണ്. എന്നാൽ ആരോഗ്യാവബോധത്തിലും ജീവിത ദൈർഘ്യത്തിലും മുന്നിലുള്ള കേരളം കൊറോണ വൈറസിന്റെ പ്രവേശന കവാടമായതെങ്ങനെ എന്ന് വിശദമായി പഠനം നടത്തി കണ്ടെത്തേണ്ടതുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ചൈനയെ ബാധിച്ച സാർസ് വൈറസിന് സമാനമാണ് ഇപ്പോഴത്തെ കൊറോണ. പതിറ്റാണ്ടിന് ശേഷം സാർസ് പോലെയൊരു വൈറസ് ബാധയുണ്ടാകുമെന്ന് അന്ന് തന്നെ പഠനങ്ങളുമുണ്ടായിരുന്നു. മനുഷ്യനേക്കാളേറെ പ്രതിരോധ ശേഷിയുള്ള വവ്വാലുകൾക്ക് മനുഷ്യരെ കൊലപ്പെടുത്താൻ ശേഷിയുള്ള വൈറസുകളുടെ വാഹകരാകാൻ കഴിയും. വളരെ ദൂരം പറക്കാൻ ശേഷിയുള്ള ഏക സസ്തനിയാണ് വവ്വാൽ. ലോകത്ത് സസ്തനികളുടെ 20 ശതമാനം വവ്വാലാണ്. മാരക വൈറസുകളുടെ വ്യാപനത്തിന് വവ്വാലുകൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. മാംസാഹാര മാർക്കറ്റിന്റെ കാര്യത്തിൽ ചൈന ഇന്ത്യയെ മാതൃകയാക്കണം. ഇതിനായി ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് ചൈനയ്ക്ക് ഉപദേശം നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.