എരുമപ്പെട്ടി: കൊറോണ കരുതലിന്റെ ഭഗമായി ചൈനയിൽ നിന്നെത്തിയ യുവാവിന്റെ വിവാഹം അധികൃതർ തടഞ്ഞു. തൃശൂർ ജില്ലയിലാണ് സംഭവം. ചൈനയിൽ ജോലി ചെയ്യുന്ന വരൻ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇന്നാണ് വിവാഹം തീരുമാനിച്ചിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഡി.എം.ഒ, കളക്ടർ തുടങ്ങിയ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി വിവാഹം മാറ്റി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വീട്ടുകാർ വിസമ്മതിച്ചെങ്കിലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള കരുതൽ നടപടിയും അറസ്റ്റ് ഉൾപ്പടെയുള്ള നിയമ നടപടികളെ കുറിച്ചും അധികൃതർ വ്യക്തമാക്കി. നീരീക്ഷണ ദിവസങ്ങൾ കഴിയുന്നത് വരെ വരനോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. വിവാഹത്തിന്റെ താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഒഴിവാക്കിയ വീട്ടുകാർ ക്ഷണമനുസരിച്ച് എത്തിയ അതിഥികൾക്ക് വിവാഹ സദ്യ നൽകി. വിവാഹച്ചടങ്ങുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി...