തൃശൂർ: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടത്തും. നാളെ വൈകീട്ട് അഞ്ചിന് മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് സംസ്ഥാന ഭാരവാഹികളുടെ യോഗം. എട്ടിന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം. ബിഷപ് മാർ അപ്രേം സന്ദേശം നൽകും.
സർക്കാരിന്റെ മദ്യനയം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ സ്പീക്കർ വി.എം. സുധീരൻ മുഖ്യ പ്രഭാഷണം നടത്തും. 2.30ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
കേരള കത്തോലിക്ക സഭയുടെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകളിലെ 32 അതിരൂപതരൂപതകളിൽ നിന്നെത്തുന്ന പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ തുടർപ്രക്ഷോഭ പരിപാടികൾക്ക് സമ്മേളനം രൂപം നൽകുമെന്ന് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ ബിഷപ് മാർ യൂഹാനോൻ മാർ തിയോഡോഷ്യസ്, ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന സെക്രട്ടറിമാരായ ചാർളി പോൾ, പ്രസാദ് കുരുവിള, സമ്മേളനം കോ- ഓർഡിനേറ്റർ ഫാ. ദേവസി പന്തല്ലൂക്കാരൻ, ജോസ് ചെമ്പിശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.