തൃശൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ബോധവത്കരണ പ്രചരണ സാമഗ്രികളൊരുക്കി ആരോഗ്യ വകുപ്പ് അധികൃതർ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ക്യാമ്പുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ അവരവരുടെ ഭാഷയിൽ തയ്യാറാക്കിയ പോസ്റ്ററുകൾ പതിക്കും. കൊറോണ വൈറസ് ബാധ സംബന്ധിച്ച സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഇതരഭാഷകളിൽ അനിമേറ്റഡ് വീഡിയോകൾ, ശ്രവ്യ പ്രചാരണ ശകലങ്ങൾ എന്നിവയും തയ്യാറാക്കും. ലേബർ വകുപ്പിന്റെ സഹായത്തോടെയാകും ഇത് നടപ്പാക്കുക. ഇത് സംബന്ധിച്ച വിശദമായ യോഗം കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ചേർന്നിരുന്നു. ഇതനുസരിച്ചാണ് ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി അവരുടെ ഭാഷകളിൽ ബോധവത്കരണ പ്രചരണ സാമഗ്രികൾ തയ്യാറാക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ, വാട്‌സ്അപ്പ് ഗ്രൂപ്പുകൾ എന്നിവയും പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും.