തൃശൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരള ആരോഗ്യ സർവകലാശാല നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളിലൂടെ പൊതുജനങ്ങളെ ഏകോപിപ്പിക്കുന്നതിന് വെബ് പേജ് തുടങ്ങി. പൊതുജനാരോഗ്യ വിജ്ഞാനം എന്ന പേരിലാണ് വെബ് പേജ് ആരംഭിച്ചിട്ടുള്ളത്. കേരള ആരോഗ്യ സർവകലാശാലയുടെ വെബ്‌സൈറ്റിന്റെ ഭാഗമാണിത് തുടങ്ങിയത്. ലിങ്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ വെബ് പേജ് വഴി സർക്കാരിന്റെ അംഗീകൃത വിജ്ഞാന- വ്യാപന വിവരങ്ങളും പൊതുജന വിദ്യാഭ്യാസത്തിന് ഉതകുന്ന വീഡിയോകളും ലഭ്യമാണ്.
ലിങ്ക്: http://14.139.185.154/kuhs_new/index.php?id=3086
സർവകലാശാലയ്ക്ക് കീഴിലെ ഒരു ലക്ഷം വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തി 10 ലക്ഷം വീടുകളിൽ കൊറോണ വൈറസ് ബോധവത്കരണം സംഘടിപ്പിക്കാനാണ് സർവകലാശാലയുടെ ലക്ഷ്യം. ഒപ്പം വൈദ്യസമൂഹത്തെ പൗരസമൂഹവുമായി കണ്ണിചേർത്ത് പുതിയ ആരോഗ്യ ബോധവത്കരണ കൂട്ടായ്മയും രൂപപ്പെടുത്താനും പൊതുജനാരോഗ്യ സംവിധാനം നടത്തുന്ന ശ്രമങ്ങൾക്ക് കരുത്ത് പകരാനും സർവകലാശാല ലക്ഷ്യമിടുന്നുണ്ട്.