mala-treasury
മാളയിലെ സബ് ട്രഷറി കെട്ടിടം

മാള: തകരാറിലായ മാള സബ് ട്രഷറി നിർമ്മാണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്താണ് ട്രഷറി നിർമ്മിച്ചിട്ടുള്ളത്. കെട്ടിടം നിർമ്മാണ സമയത്ത് യാതൊരു തടസങ്ങളും ഉന്നയിക്കാതിരുന്നിട്ടും ബലക്ഷയം സംഭവിച്ചതിന് ബന്ധപ്പെട്ടവർ ഉത്തരവാദിയാണെന്നാണ് വിലയിരുത്തൽ.

മണ്ണ് അടക്കമുള്ളതെല്ലാം പരിശോധിച്ചാണ് കെട്ടിടം നിർമ്മിച്ചത്. പരിശോധനകൾ സംബന്ധിച്ചും അനുമതി സംബന്ധിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. നിർമ്മാണത്തിൽ അഴിമതി സംശയിക്കുന്നതായി വി.ആർ. സുനിൽകുമാർ എംഎൽ.എ.യും ആരോപിക്കുന്നുണ്ട്. ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇൻകൽ നിർമ്മാണം നടത്തിയത്.

പ്രളയത്തിന് ശേഷമാണ് കെട്ടിടത്തിനും ചുറ്റുമതിലും അടക്കം തകരാർ സംഭവിച്ചിട്ടുള്ളത്. ഈ തകരാർ പരിഹരിക്കാൻ കഴിയാത്തതാണെന്നാണ് എൽ.എസ്.ജി.ഡി വിഭാഗം എൻജിനിയർ റിപ്പോർട്ട് നൽകിയിട്ടുള്ളത്. കെട്ടിടത്തിന് ചരിവുള്ളതായും ഭിത്തിക്ക് വിള്ളലുകൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. തുടർന്നുള്ള അന്വേഷണം നടത്തുന്നതിന് ചീഫ് ടെക്നിക്കൽ എക്‌സാമിനർക്ക് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിർദേശം നൽകിയിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് അന്നമനട സബ് ട്രഷറി മാളയിലേക്ക് മാറ്റിയത്. ഈ മാറ്റവും തകർച്ചയും വീണ്ടും വിവാദങ്ങൾക്ക് തുടക്കമിടുകയാണ്. മാളയിൽ പ്രവർത്തിക്കുന്ന സബ് ട്രഷറി ഇവിടെ തന്നെ നിലനിറുത്തണമെന്ന് സി.പി.ഐ മാള ലോക്കൽ കമ്മിറ്റി സെക്രട്ടറി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

..............................................

എൻജിനിയറുടെ റിപ്പോർട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം

മാള: മാള സബ് ട്രഷറി കെട്ടിടം തകരാറിലാണെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറുടെ റിപ്പോർട്ട് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം. സ്ഥലം ഉടമയായിരുന്ന ഷാന്റി ജോസഫ് തട്ടകത്താണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കെട്ടിട നിർമ്മാണ നിർവഹണം വഹിച്ച ഇൻകലിനോടോ മേൽനോട്ടം വഹിച്ച ബി.എസ്.എൻ.എൽ കെട്ടിട നിർമ്മാണ വിഭാഗത്തോടോ ആവശ്യപ്പടാതെ രേഖകൾ ഒന്നും കൈവശം ഇല്ലാത്ത തദ്ദേശ സ്വയഭരണ വകുപ്പ് എൻജിനിയറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടതിൽ ദുരൂഹതയുണ്ട്. കെട്ടിടം അറ്റകുറ്റപണികൾ നടത്താൻ സാധ്യമല്ലായെന്ന് കണ്ണടച്ച് റിപ്പോർട്ട് എഴുതുകയാണ് എൻജിനിയർ ചെയ്തതെന്നും സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും ഷാന്റി ജോസഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ചട്ടങ്ങൾ പാലിക്കാതെയുളള പരിശോധന റിപ്പോർട്ടിൻമേൽ ഡയറക്ടർ ട്രഷറി വാടക കെട്ടിടത്തിലേയ്ക്ക് മാറ്റുവാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയതിലും ദുരൂഹത നിലനിൽക്കുന്നുവെന്നും ആരോപണമുണ്ട്.