വിദ്യാർത്ഥികളോട് കുശലം പറഞ്ഞ് ഗവർണർ
തൃശൂർ: വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ എവിടെയും തല ഉയർത്തിപ്പിടിക്കാവുന്ന നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൃശൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളി പണിയണമെങ്കിൽ പള്ളിക്കൂടം കൂടി വേണമെന്ന നിർബന്ധബുദ്ധിയാണ് കേരളത്തിൽ പെൺകുട്ടികളടക്കമുള്ള വിവിധ ജാതി മത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കാരണമായത്. ഈ നേട്ടത്തിന് ക്രിസ്ത്യൻ മിഷനറിമാരോട് കടപ്പെട്ടിരിക്കുന്നു. തന്റെ ഭാര്യയും രണ്ട് കുട്ടികളും ക്രിസ്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. മദ്ധ്യകാലഘട്ടത്തിലും മദ്ധ്യപൂർവ കാലഘട്ടത്തിലും ഇന്ത്യ അറിവ് അന്വേഷിക്കുന്നവരുടെ ലക്ഷ്യകേന്ദ്രമായിരുന്നു. പിന്നീടാണ് പെൺകുട്ടികൾ അടക്കമുള്ള വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്.
ചിന്തിക്കാനുള്ള കഴിവും സങ്കൽപ്പിക്കാനുള്ള ശേഷിയും മനുഷ്യന് മാത്രം അവകാശപ്പെട്ടതാണ്. കാട്ടിലെ നിയമം ശക്തിയുള്ളവൻ നിലനിൽക്കുമെന്നതാണ്. വലിയ മീനുകൾ ചെറിയ മീനുകളെ ഭക്ഷിക്കുന്നതാണ് കടലിലെ നിയമം. ദുർബലർക്കും അവശർക്കും തുല്യമായ അവകാശം നൽകണമെന്ന് നമ്മെ പഠിപ്പിക്കുന്നത് വിദ്യാഭ്യാസമാണ്. മാതാപിതാക്കളാണ് നമുക്ക് ഈ ഭൂമിയിൽ ജന്മം നൽകിയതെങ്കിൽ നമ്മെ ആകാശത്തേക്ക് ഉയർത്തുന്നത് ഗുരുക്കന്മാരാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളുടെ അടുത്തേക്ക് ചെന്ന് അവരോട് കുശലം പറഞ്ഞും കൈകൊടുത്തുമാണ് ഗവർണർ മടങ്ങിയത്.
തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, അഡ്വ. ആന്റണി പല്ലിശ്ശേരി, വികാരി പ്രൊവിൻഷ്യാൽ ഡോ. സി. ക്രിസ്ലിൻ, പ്രിൻസിപ്പൽ സിസ്റ്റർ പ്രസന്ന, ഹെഡ് മിസ്ട്രസ് സിസ്റ്റർ പവിത്ര തുടങ്ങിയവർ പങ്കെടുത്തു.