തൃശൂർ: ഉത്പാദന, വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ കേരള വ്യവസായ വാണിജ്യവകുപ്പ് 7, 8, 9, 10 തീയതികളിലായി തേക്കിൻകാട് മൈതാനത്ത് (വിദ്യാർത്ഥി കോർണർ) മെഷിനറി എക്‌സ്‌പോ നടത്തും. ഏഴിന് രാവിലെ 10.30ന് ഉദ്ഘാടനച്ചടങ്ങിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥപ്രമുഖരും പങ്കെടുക്കും. രാവിലെ 10 മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രദർശന സമയം. പ്രദർശനം സൗജന്യമാണ്.
സൂക്ഷ്മ, ഇടത്തരം, ചെറുകിട, സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് അതിനൂതനമായ ആശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രദർശനമാണിത്.
കാർഷികാധിഷ്ഠിതം, ഭക്ഷ്യസംസ്‌കരണം, പാക്കേജിംഗ്, ജനറൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മരാധിഷ്ഠിത വ്യവസായം, റബ്ബർ ആൻഡ് പ്ലാസ്റ്റിക്, ഫൂട്ട് വെയർ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽ, ആയുർവേദ ആൻഡ് ഹെർബൽ, അപ്പാരൽ, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ സംരംഭങ്ങൾക്ക് ഇണങ്ങുന്ന കേരളത്തിനകത്തുനിന്നും, പുറത്തുനിന്നുമുള്ള 112 മെഷിനറി ഉത്പാദകരും, വിതരണക്കാരും മേളയിൽ പങ്കെടുക്കും. തമിഴ്‌നാട്ടിൽ നിന്ന് 18, കർണാടകയിൽ നിന്ന് 10, മഹാരാഷ്ട്രയിൽ നിന്ന് 2, കേരളത്തിൽ നിന്ന് 91, ഹരിയാണയിൽ നിന്ന് 1 എന്നിങ്ങനെ 132 സ്റ്റാളുകൾ വിവിധ മെഷീനറികളുമായി പ്രദർശനസജ്ജമാണ്. വ്യവസായ, വാണിജ്യവകുപ്പിന്റെ കീഴിലുള്ള രണ്ട് കോമൺ ഫെസിലിറ്റി സെന്ററുകൾ, 13 ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂഷനുകൾ എന്നിവ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
40,000 ചതുരശ്ര അടിയിൽ പൂർണമായും ശീതീകരിച്ച പവലിയനാണ് ഒരുക്കിയിരിക്കുന്നത്. 9 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള 132 മെഷീനറി സ്റ്റാളുകളിൽ ഒരുക്കിയിരിക്കുന്ന വൈവിദ്ധ്യങ്ങളായ മെഷീനറികൾ വിവിധ മേഖലകളിലെ ആധുനികമായ സാങ്കേതിക വിവരങ്ങൾ സംരംഭകർക്ക് പകർന്ന് നൽകും. മേളയോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ സംരംഭകർക്കാവശ്യമായ 7 വിഷയങ്ങളുടെ അവതരണം നടത്തും. സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ വിവരങ്ങളും പുതിയ ടെക്‌നോളജികളുടെ അവതരണങ്ങളും ബ്രാൻഡ് ഡെവലപ്‌മെന്റ് തുടങ്ങിയവയും ഇതോടനുബന്ധിച്ചുണ്ട്.
തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. സജി, തൃശൂർ കെ.എസ്.എസ്.ഐ.എ. നോബി ജോസഫ്, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി.എസ്.ചന്ദ്രൻ, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.സ്മിത, തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസർ ജി.പ്രണാപ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.