തൃശൂർ: ഇടത് അദ്ധ്യാപക സംഘടനാ നേതാവ് പ്രതിയായ പോക്‌സോ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആക്ഷേപം. ചേലക്കര എസ്.എം.ടി.എച്ച്.എസ് സ്‌കൂളിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ ഗോപകുമാറിനെ കേസിൽ നിന്നും രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടന്നതായാണ് ആക്ഷേപം. പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാതിരുന്നതിനെത്തുടർന്ന് നാട്ടുകാരും വിദ്യാർത്ഥി സംഘടനകളും പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്നാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. എന്നാൽ പ്രോസിക്യൂഷനും പൊലീസും ചേർന്ന് ഒത്തുകളിച്ച് പ്രതിക്ക് പെട്ടെന്ന് ജാമ്യം നൽകിയെന്ന് വിദ്യാർത്ഥിനിയുടെ അമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു. കുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി മാതാവ് പരാതിപ്പെട്ടെങ്കിലും സ്‌കൂൾ അധികൃതരും നടപടിയെടുക്കാൻ തയ്യാറായില്ല. സംഭവം പൊലീസിനെയോ ചൈൽഡ് ലൈനിനെയോ അറിയിക്കുന്നതിന് പകരം സ്‌കൂൾ പി.ടി.എ എക്‌സിക്യൂട്ടിവിൽ ചർച്ച ചെയ്യാമെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. ഒരാഴ്ചയോളം സ്‌കൂൾ അധികൃതർ പരാതി മൂടിവെച്ചു. ചേലക്കര പഞ്ചായത്ത് വാർഡ് അംഗം വിനോദ് പന്തലാടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അദ്ധ്യാപകനെ ഞായറാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നൽകുകയും ചെയ്തു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായ വനിതാ അഭിഭാഷക കേസിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും ആക്ഷേപമുണ്ട്. പകരക്കാരനായി എത്തിയ അഭിഭാഷകനാകട്ടെ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്തില്ല. അതേദിവസം പോക്‌സോ കോടതിയിൽ പരിഗണിച്ച നാല് പോക്‌സോ കേസുകളിൽ ഈ കേസിൽ മാത്രമാണ് അന്നേ ദിവസം പ്രതിക്ക് ജാമ്യം ലഭിച്ചത്.
സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കും. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം. ബുദ്ധിക്കുറവുള്ള കുട്ടിയെ ഉച്ചയ്ക്ക് ക്ലാസ് ഓഫീസ് മുറിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പിഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിനോദ് പന്തലാടി, പി.കെ. സതീഷ്, അഡ്വ. എൻ.എ. ഗിരിജൻ, ഗോപി ചക്കുന്നത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.