കൊടകര: ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ നെല്ലായി തൂപ്പൻകാവ് തോടിന് കുറുകെ ഉണ്ടായിരുന്ന പാലത്തിന് പകരം സംവിധാനം ഒരുക്കാതെ വന്നതോടെ ക്ഷേത്രഭരണസമിതി താത്കാലിക പാലം നിർമ്മിക്കുന്നു. ദേശീയപാതക്കരികെ തൂപ്പൻകാവ് ഭഗവതി ക്ഷേത്രത്തിന് സമീപമാണ് താൽക്കാലിക പാലം നിർമ്മിക്കുന്നത്. തോടിന്റെ ഒരു കരയിലുള്ളവർക്ക് ക്ഷേത്രത്തിലേക്ക് എത്തുന്നതിന് പാലമില്ലാത്തതിനാൽ കുറെ ദൂരം ചുറ്റിവളയണം. ഇതിന് പരിഹാരമായാണ് തൂപ്പൻകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി നോടിന് കുറുകെ നടപ്പാലം നിർമിക്കാൻ തയ്യാറായത്.
2018ലെ പ്രളയത്തിൽ തകർന്ന തോടിന്റെയും ചിറയുടെയും വശങ്ങൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനർനിർമിച്ചിരുന്നു. എന്നാൽ ദേശീയ പാത അധികൃതർ സർവീസ് റോഡ് പോലും ഈഭാഗത്ത് നിർമ്മിക്കാൻ തയ്യാറായിട്ടില്ല. സർവീസ് റോഡിന്റെ പാലത്തിനായി ഇരു കരകളിലും കെട്ടിഉയർത്തിയിട്ടുണ്ടെങ്കിലും പാലം സ്ഥാപിച്ചിട്ടില്ല.