തൃശൂർ: കൊറോണ വൈറസുമായി ബന്ധപ്പെട്ട ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് വൈഫൈ സംവിധാനം. മെഡിക്കൽ കോളേജിൽ കഴിയുന്നവർക്കാണ് ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകിയത്. ഇന്നലെ ഉച്ചയോടെ കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. ജിയോയുടെ രണ്ട് കണക്‌ഷനുകളാണ് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ 19 പേരാണ് കഴിയുന്നത്.
മെഡിക്കൽ കോളേജിൽ കഴിയുന്ന രോഗം ബാധിച്ച വിദ്യാർത്ഥിനിയുടെ നില തൃപ്തികരമാണ്. ജനറൽ ആശുപത്രിയിൽ നിന്ന് രണ്ടും മെഡിക്കൽ കോളേജിൽ നിന്ന് രണ്ടും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിന്ന് ഒന്നും ഉൾപ്പെടെ 5 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 73 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 45 സാമ്പിളുകളുടെ ഫലം ലഭിച്ചു. 28 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതുതായി ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനങ്ങളും ബോധവത്കരണവും പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. 173 അംഗൻവാടി പ്രവർത്തകർ, 1307 കുടുംബശ്രീ പ്രവർത്തകർ, 261 ആരോഗ്യ പ്രവർത്തകർ, 279 ജനപ്രതിനിധികൾ ഉൾപ്പെടെ 15984 പേർക്ക് പരിശീലനം നൽകി. ഇതിനകം 36281 പേർക്ക് ജില്ലയിൽ പരിശീലനം നൽകി കഴിഞ്ഞു. വിവിധ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്.
1620 കോളുകൾ
കൺട്രോൾ റൂമിലേക്ക് ഇതുവരെ 1620 കോളുകളാണ് ലഭിച്ചത്. സംശയങ്ങൾക്ക് കൃത്യമായ മറുപടി ലഭ്യമാക്കുന്നുണ്ട്. വനിതാശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സംശയനിവൃത്തിക്കായി 20 കൗൺസിലർമാരെ നിയോഗിച്ചു. പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്ത ദിവസം തന്നെ ഇവർ ചുമതലയേൽക്കും. കളക്ടറേറ്റ് ജീവനക്കാർക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു.
തൃശൂർ പ്രസ് ക്ലബ് അംഗങ്ങൾ, ഓട്ടോറിക്ഷാ, ടാക്‌സി ഡ്രൈവർമാർ എന്നിവർക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
8 പേർക്ക് വിടുതൽ
കൊറോണ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്നാണിത്. ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്താലും ഓരോരുത്തരുടെയും നിരീക്ഷണ കാലയളവായ 28 ദിവസം പൂർത്തിയാകുന്നതുവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കും.
കൊറോണ ജില്ലയിൽ
വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് - 30 പേർ
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ - ഒരാൾ
തൃശൂർ മെഡിക്കൽ കോളേജിൽ -19 പേർ
ജനറൽ ആശുപത്രിയിൽ - 10 പേർ
ചൈനയിൽ നിന്ന് പുതുതായെത്തിയത് - 25
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്- 211 പേർ
ജില്ലയിലെ ആകെ ഐസൊലേഷൻ മുറികൾ- 191
ആശുപത്രിയിൽ കഴിയുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് വൈഫൈ സംവിധാനം ഏർപ്പെടുത്തിയത്. മറ്റ് ആശുപത്രികൾ ആവശ്യപ്പെട്ടാൽ ഈ സൗകര്യം ഒരുക്കിനൽകും.
- എസ്. ഷാനവാസ്, കളക്ടർ