school
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഷിജിത്ത് വടുക്കുഞ്ചേരി പൊന്നാട അണിയിച്ചു കൊണ്ട് ഇന്ദിര ടീച്ചറെ ആദരിക്കുന്നു

വാടാനപ്പിള്ളി: സ്‌കൂളിൽ എത്തിയ ഒരുപാട് തലമുറകൾക്ക് തണലും തണുപ്പും നൽകി നിറഞ്ഞുനിൽക്കുന്ന മുത്തശ്ശിമരത്തെ സംരക്ഷിക്കാൻ സംരക്ഷണവലയം തീർത്ത് വിടപറയുകയാണ് പ്രിയങ്കരിയായ ഒരു അദ്ധ്യാപിക. തൃത്തല്ലൂർ കമലാ നെഹ്‌റു സ്‌കൂളിലെ 24 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഇന്ദിര ടീച്ചറാണ് തന്റെ പെൻഷൻ തുകയിൽ നിന്നും വിദ്യാലയ മുറ്റത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന മഴമരത്തിന് ചുറ്റും വിദ്യാർത്ഥികൾക്ക് ഇരിക്കാവുന്ന വിധത്തിൽ തറ പണി തീർത്തത്.

ക്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങുന്ന കുട്ടികൾക്ക് വിശ്രമിക്കാനും പഠിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും ഈ മുത്തശ്ശിമരത്തറ ഒരു വേദിയായിമാറും. പ്രകൃതി രമണീയമായ സ്‌കൂൾ കാമ്പസിന് കൂടുതൽ മനോഹരമാക്കുന്നതാണ് പുതുതായി പണിതീർത്ത തറ. കഴിഞ്ഞ വർഷം കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ഇന്ദിര ടീച്ചർ മാതൃക കാണിച്ചിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ഏറെ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഇന്ദിര ടീച്ചറുടെ ഓർമ്മ അനശ്വരമാക്കുന്നതിൽ വിദ്യാർത്ഥികളും ആഹ്ലാദത്തിലാണ്.

വാടാനപ്പിള്ളി ഗണേശമംഗലം, പുലാക്കഴി ഭൂവനമണിദാസിന്റെ ഭാര്യയായ ഇന്ദിര നിർമ്മിച്ചു നൽകിയ മുത്തശ്ശി തറ വിദ്യാലയത്തിനും വിദ്യാർത്ഥികൾക്കുമായി കൈമാറുന്ന ചടങ്ങ് വാടാനപ്പിള്ളി പഞ്ചായത്തു പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീഷ് ചാളിപ്പാട്ട്, പ്രിൻസിപ്പൽ വി.എ. ബാബു, പ്രധാന അദ്ധ്യാപകൻ കെ.ജെ. സുനിൽ, ഡോ. വി. സന്തോഷ് കുമാർ, കെ.വി. റോഷിണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു കൊണ്ട് ഇന്ദിര ടീച്ചറെ അഭിനന്ദിച്ചു.