കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനാന്തരീക്ഷം നിലനിറുത്താൻ കളക്ടറെ കൊണ്ട് അടിയന്തര സർവകക്ഷിയോഗം വിളിപ്പിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അക്രമികളെ കർശനമായി നേരിടണമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.പി.ഐ യോഗം ആവശ്യപ്പെട്ടു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ, കെ.വി. വസന്തകുമാർ, പി.പി. സുഭാഷ്, ടി.എൻ. വേണു തുടങ്ങിയവർ സംസാരിച്ചു.

ചേരമാൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. കൊടുങ്ങല്ലുരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള സമരം പരിപൂർണ്ണമായും ജനാധിപത്യപരമാണ്. അങ്ങനെ തന്നെ ആയിരിക്കണമെന്നും മഹല്ല് കമ്മിറ്റിക്ക് നിർബന്ധമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുന്നതും, വീടുകൾക്കും വാഹനങ്ങൾക്കും നേരെ അക്രമം നടത്തുന്നതും നീതീകരിക്കാനാകില്ലെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൾ ഖയ്യും എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.