അന്തിക്കാട്: വിവിധ യൂണിയനുകളുടെയും ലൈസൻസികളുടെ സംയുക്ത യോഗത്തിൽ കള്ള് ചെത്ത് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കാൻ തീരുമാനം. തൃശൂർ താലൂക്കിലെ ചേർപ്പ്, തൃശൂർ, അന്തിക്കാട്, കോലഴി , എന്നീ റേഞ്ചുകളിലെ ചെത്തുതൊഴിലാളികൾക്ക് ഒരു ലിറ്റർ തെങ്ങിൽ കള്ളിന് 53 രൂപയും, പനംകൂളിന് 32 രൂപയും വീതം നൽകും. നിശ്ചിത കള്ള് അളക്കുന്ന തൊഴിലാളിക്ക് ക്ഷാമബത്ത ദിനംപ്രതി 173 രൂപ നൽകും. ഒരുക്ക് കൂലിയായി ഓരോ തൊഴിലാളിക്കും അർദ്ധവർഷത്തേക്ക് തെങ്ങൊന്നിന് 210 രൂപയും, പനയ്ക്ക് 420 രൂപയുമായി വർദ്ധിപ്പിച്ചു.
ഉപകരണ അലവൻസ്, വൃക്ഷപ്പാട്ടം, എന്നിവകളിലും ക്രമാതീതമായ വർദ്ധനവും ലീവ്, വിശേഷ അവധി എന്നിവയിൽ ഇരട്ടിക്കൂലി നൽകാനും തീരുമാനമായി. തൊഴിലായുധ അലവൻസ്, ഡ്രസ് അലവൻസ്, തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് നിയമാനുസൃതമായ ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ഉറപ്പ് വരുത്തും.പാലക്കാട് പോയി ചെത്തുന്നവർക്ക് 15 ലിറ്റർ വരെയുള്ള കള്ളിന് ദിനംപ്രതി മേൽ പറഞ്ഞ വ്യവസ്ഥകൾ 2019 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. പുതിയ വ്യവസ്ഥകൾ പ്രകാരമുള്ള കൂലി 2020 ഫെബ്രുവരി 11 മുതൽ നൽകും. അത് വരെയുള്ള വർദ്ധിപ്പിച്ച കൂലിയുടെ കുടിശ്ശിക 2020 ഫെബ്രുവരി 24 ന് കണക്ക് തീർത്ത് നൽകാനും തീരുമാനമായി.
ലൈസൻസിക്ക് വേണ്ടി ചേർപ്പ് തൃശൂർ റേഞ്ച് മാനേജർ പി.കെ. ദേവദാസ്, അന്തിക്കാട് റേഞ്ച് മാനേജർ വി.എം. വിനു, കോലാഴി റേഞ്ച് മാനേജർ പൗലോസ്, വിവിധ യൂണിയനുകൾക്ക് വേണ്ടി സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, നേതാക്കളായ പി.കെ. അരവിന്ദൻ ,ടി.കെ. മാധവൻ, പി.കെ. പ്രകാരൻ, കെ.വി. ശിവരാമൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.