തൃശൂർ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിലും വീടുകളിലും കഴിയുന്നവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുതെന്ന സന്ദേശം പൊതുസമൂഹത്തിന് നൽകണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലയിലെ വിവിധ മതവിഭാഗത്തിൽപ്പെട്ട നേതാക്കളുടെ യോഗത്തിൽ നിർദ്ദേശം നൽകി.
ഹോം ക്വാറന്റൈനിൽ കഴിയുന്നവർ സ്വന്തം ആരോഗ്യ സുരക്ഷയ്ക്കായി അനുഷ്ഠിക്കുന്ന നിയന്ത്രണം സമൂഹത്തിന് കൂടി വേണ്ടിയുള്ള ത്യാഗമാണ്. രോഗബാധയുടെ പശ്ചാത്തലത്തിൽ അനുവർത്തിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരാധനാലയങ്ങളിലെ പൊതുചടങ്ങുകളിൽ സന്ദേശം നൽകണമെന്നും മതപുരോഹിതൻമാരോട് അഭ്യർത്ഥിച്ചു. ആരാധനായലയങ്ങൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദേശം നൽകണം. വീടുകളിൽ കഴിയുന്നവരിൽ ആത്മീയ പിന്തുണ ആവശ്യമായവർക്ക് അത് നൽകണം. വിവാഹ ചടങ്ങുകളും മറ്റ് പൊതുകൂട്ടായ്മകളും മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. വീടുകളിൽ കഴിയുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ എല്ലാ ക്രമീകരണവും സർക്കാറിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെയ്തതായും കളക്ടർ അറിയിച്ചു.
ചൈനയിൽ നിന്ന് വന്നവർക്ക് സന്ദേശം നൽകണം: ഡി.എം.ഒ
ചൈനയിലെ വുഹാനിൽ നിന്ന് വന്നവർ ആരോഗ്യവകുപ്പിനെ അറിയിച്ച് അവരും കുടുംബാംഗങ്ങളും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നുമുള്ള സന്ദേശം നൽകണമെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ജെ. റീന അഭ്യർത്ഥിച്ചു. വുഹാൻ ഒഴികെ ചൈനയിലെ മറ്റ് സ്ഥലങ്ങളിൽനിന്ന് വന്നവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. കൊറോണ ഒരു വൈറസ് രോഗമായതിനാൽ അത് ബാധിച്ചവർക്ക് മറ്റ് ബാക്ടീരിയകൾ മൂലമുള്ള രോഗം എളുപ്പം പകരും. അതിനാൽ അവർ പൊതുസമൂഹത്തിൽ ഇടപഴകാതിരിക്കണം. കൊറോണ രോഗത്തിന്റെ മരണനിരക്ക് കേവലം രണ്ട് ശതമാനമാണ്. നിപയുടേത് 90 ശതമാനമാണ്. പക്ഷേ, കൊറോണ വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറി തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗബാധിതരുമായോ പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണെന്നും ഡി.എം.ഒ അറിയിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിൽ വെസ്റ്റ് ഫോർട്ട് ഇമാം എൻ.എം. സിദ്ദീഖ് ഫൈസി, എസ്.വൈ.എസ് സാന്ത്വനം സെക്രട്ടറി പി.എം.എസ് തങ്ങൾ, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി ടി.വി. വാസുദേവൻ, ചെട്ടിയങ്ങാടി ഇമാം പി.കെ. ഇബ്രാഹിം മൗലവി, എൻ.എസ്.എസ് തൃശൂർ താലൂക്ക് സെക്രട്ടറി സി. സുരേന്ദ്രൻ, പാസ്റ്റർ കെ.വി. ഷാജു മണ്ണുത്തി, പാസ്റ്റർ ലോറൻസ് വർഗീസ് കോലഴി, യാക്കോബായ സിറിയൻ ചർച്ച് തൃശൂർ ഭദ്രാസനം സെക്രട്ടറി ഫാ. ജെയ്‌സൺ കെ. ജോൺ, ഫാദർ ബേസിൽ ഏറാടിക്കുന്നുമ്മേൽ, തൃശൂർ അതിരൂപതയുടെ പ്രതിനിധി ഫാ. നൈസൺ അലഞ്ഞത്താണത്ത്, ജോജു മഞ്ഞില, സാന്ത്വനം ജില്ലാ കോ- ഓർഡിനേറ്റർ പി.കെ. ബഷീർ, സി.എസ്.ഐ കൊച്ചി രൂപതയുടെ പ്രതിനിധി ഷിജു ജോൺസൺ, ജോൺ ജോസഫ്, സേക്രട്ട് ഹാർട്ട് ലാറ്റിൻ ചർച്ച് പ്രതിനിധികളായ ഷാലി ജോസഫ്, ഓമന ഡികുഞ്ഞ തുടങ്ങിയവർ പങ്കെടുത്തു.