തൃശൂർ: കൊറോണ സ്ഥിരീകരിച്ച ശേഷം ഉയർന്ന രോഗഭീതിക്ക് ഏതാണ്ട് ശമനമായെങ്കിലും പ്രതിരോധ, ബോധവത്കരണപ്രവർത്തനങ്ങൾ വ്യാപകം. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പുവരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ചേർന്ന് കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി.
ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളവർ പല തരത്തിലുളള മാനസിക സമ്മർദ്ദത്തിന് വിധേയരാകുന്ന പശ്ചാത്തലത്തിൽ പരിശീലനം സിദ്ധിച്ച കൗൺസിലർമാരുടെ സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. സാമൂഹ്യമായ ഒറ്റപ്പെടൽ, രോഗബാധയെക്കുറിച്ചുളള ആശങ്ക, പഠനം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ തടസ്സം നേരിടൽ, നിരീക്ഷണത്തിലുള്ളവരുടെ പരിചരണം, ബന്ധുജനങ്ങളുടെയും അയൽവാസികളുടെയും ആശങ്ക തുടങ്ങിയ ആശങ്കൾക്ക് പരിഹാരവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൗൺസിലർമാർ, തൃശൂർ സെന്റ് തോമസ് കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ, ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലുള്ള കൗൺസിലർമാർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. അതേസമയം, ഇതരസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള ഒറ്റപ്പെട്ട വിഭാഗങ്ങൾക്കും വ്യാപകമായ ബോധവത്കരണത്തിനായി ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങി. ആശുപത്രികളും വീടുകളിലും കഴിയുന്നവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
പ്രിൻസിപ്പൽമാർക്ക് വി.സിയുടെ കത്ത്
കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി സംസ്ഥാനം പ്രഖാപിച്ച സാഹചര്യത്തിൽ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളിൽ ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പങ്കാളിത്തവും ആവശ്യകതയും വ്യക്തമാക്കി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സർവകലാശാലയ്ക്കു കീഴിലുള്ള മുഴുവൻ കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും കത്തുകളയച്ചു.
ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളും പതിനയ്യായിരത്തോളം അദ്ധ്യാപകരും 312 അഫിലിയേറ്റഡ് കോളേജുകളും അടങ്ങുന്ന മുഴുവൻ സംവിധാനവും ഈ ഗുരുതര പ്രതിസന്ധിയെനേരിടുന്നതിന് നേരിട്ടു കർമ്മരംഗത്ത് ഇറങ്ങണമെന്നു വൈസ് ചാൻസലർ നിർദ്ദേശിച്ചു.
'' കേന്ദ്ര-സംസ്ഥാന സർക്കാരും ചിട്ടയായും കൃത്യതയോടെയുമുള്ള പ്രവർത്തനങ്ങളിലൂടെയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും രൂപരേഖ തയ്യാറാക്കിയിരുന്നു. സമയബന്ധിതമായ നടത്തിപ്പ് ഏകോപിപ്പിക്കുന്നതിന് ദേശീയ അന്തർദേശീയ വിദഗ്ധരുടെ യോഗം ആരോഗ്യ സർവകലാശാലയിൽ നടന്നിരുന്നു. കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ മുന്നിട്ടിറങ്ങാൻ പ്രോത്സാഹിപ്പിക്കാനുളള പ്രവർത്തനങ്ങളാണ് സർവ്വകലാശാല വിഭാവനം ചെയ്തിട്ടുള്ളത്.''
- ഡോ. മോഹനൻ കുന്നുമ്മൽ, വൈസ് ചാൻസിലർ