കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ മതിലകം പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ട് അക്രമങ്ങൾ നടത്തിയവർക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്ന് കോൺഗ്രസ്. സമാധാനാന്തരീക്ഷം നിലനിന്നിരുന്ന കൊടുങ്ങല്ലൂരിനെ ഭീതിയിലാഴ്ത്താൻ ചില ഛിദ്ര ശക്തികളുടെ ഭാഗത്ത് ശ്രമങ്ങൾ ഉണ്ടായെങ്കിലും ജനങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഈ സമയത്താണ് രാത്രിയിൽ ചില സാമൂഹിക വിരുദ്ധർ മതസ്പർദ്ധ വളർത്തും വിധം കലാപം ഉണ്ടാക്കാൻ ശ്രമിച്ചത്. ജനങ്ങൾ പുച്ഛിച്ച് തള്ളിയെങ്കിലും ഇത്തരം വർഗീയ കോമരങ്ങൾക്ക് അഴിഞ്ഞാടാൻ ഇനി ഒരു അവസരം കൊടുക്കാൻ പാടില്ലെന്നും അക്രമത്തിൽപ്പെട്ട മുഴുവൻ പ്രതികളെയും എത്രയും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, വൈസ് പ്രസിഡന്റുമാരായ കെ.പി. സുനിൽ കുമാർ, ഇ.എസ്. സാബു, പി.യു. സുരേഷ് കുമാർ, മണ്ഡലം പ്രസിഡൻറുമാരായ ഡിൽഷൻ കൊട്ടെക്കാട്ട്, വി.എം. ജോണി എന്നിവർ ആവശ്യപ്പെട്ടു.