പന്തീരങ്കാവിലെ യു.എ.പി.എ: സി.പി.എമ്മിന്റെ നയവ്യതിയാനം
തൃശൂർ: ഡി.ജി.പി പറയുന്നിടത്ത് ഒപ്പു വയ്ക്കുക മാത്രം ചെയ്യുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തൃശൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പന്തീരങ്കാവ് കേസിൽ യുവാക്കളുടെ പേരിൽ യു.എ.പി.എ എന്തിനാണ് എടുത്തതെന്ന് ഇതുവരെയും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലുള്ളവരാണ് കുട്ടികൾ. കരിനിയമം എന്നാണ് യു.എ.പി.എയെക്കുറിച്ചുളള സി.പി.എമ്മിന്റെ നിലപാട്. അങ്ങനെയുള്ള പാർട്ടിയുടെ നയവ്യതിയാനമാണ് ഇതിൽ കാണുന്നത്. സംസ്ഥാന പൊലീസാണ് യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്നാണ് പറയുന്നത്. ആരാണ് സംസ്ഥാന പൊലീസിന്റെ മേധാവി? ആഭ്യന്തര വകുപ്പിൻ്റെ ചുമതല ഡി.ജി.പിക്കാണോ, മുഖ്യമന്ത്രിക്കാണോ എന്നതിൽ സംശയമുണ്ട്. ഡി.ജി.പി എടുക്കുന്ന തീരുമാനം കണ്ണടച്ച് നടപ്പാക്കുകയാണ്. മറ്റൊന്നിനെ കുറിച്ചും ആലോചിക്കുന്നില്ല. വെറുതെ ഒപ്പുവയ്ക്കലാണോ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം. യു.എ.പി.എ ചുമത്തിയത് പൊലീസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് എന്തിനാണെന്ന് ചോദിക്കണ്ടേ. സംസ്ഥാന പൊലീസിന് കഴിയാത്ത ഗുരുതര സ്വഭാവമുള്ള കുറ്റമാണെങ്കിൽ മാത്രമാണ് എൻ.ഐ.എക്ക് വിടുക. എൻ.ഐ.എ അല്ലെങ്കിലും ഉന്നത ഏജൻസിയുടെ തലപ്പത്തുണ്ടായിരുന്നയാളാണ് ഇപ്പോഴത്തെ ഡി.ജി.പി. ആ പഴയ ബന്ധം വെച്ചും മുഖ്യമന്ത്രിയുടെ താത്പര്യമനുസരിച്ചും എൻ.ഐ.എക്ക് കേസ് വിടുകയായിരുന്നു. താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോൾ ഉദ്യോഗസ്ഥർ പല കാര്യങ്ങളും അറിയിക്കുകയും ഉപദേശിക്കുകയും ചെയ്യും. അതിനനുസരിച്ച് പോവുകയല്ല വേണ്ടത്. മന്ത്രിമാർ സർക്കാർ നയത്തിനനുസരിച്ചാണ് നടപടികളെടുക്കാറുള്ളത്. മുഖ്യമന്ത്രിയായ ശേഷം ആദ്യം ഒപ്പുവച്ചത് ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയാക്കുന്നതിലാണ്. നടപടി ചട്ടങ്ങൾ ലംഘിച്ചായിരുന്നു ഇത്. ഇത് നരേന്ദ്രമോദിക്ക് കൊടുത്ത ഉറപ്പാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.