തൃശൂർ: സാമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഒരു അദ്ധ്യാപകനെതിരെയെങ്കിലും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ മാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിച്ചാൽ നടപടിയെടുക്കുമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പരാമർശിച്ചായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.

ധൃതിപിടിച്ച് നടപ്പിലാക്കിയ ഖാദർ കമ്മിഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതാണ്. തിടുക്കത്തിലാണ് റിപ്പോർട്ടിന്റെ ആദ്യഘട്ടം നടപ്പിലാക്കിയത്. യു.ഡി.എഫ് ഭരണത്തിലെത്തിയാൽ ആ റിപ്പോർട്ട് ചവറ്റുകുട്ടയിലിടും. വിദ്യാഭ്യാസ മേഖലയിലെ സമൂലമാറ്റത്തിനായി പുതിയ കമ്മിഷനെ നിയോഗിക്കും. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളിലൂടെ നാടിനെ തകർക്കുകയാണ് നരേന്ദ്രമോദിയും പിണറായി വിജയനും ചെയ്യുന്നത്. മോദിയിൽ നിന്നും വ്യത്യസ്തനല്ല മുഖ്യമന്ത്രി. തുഗ്ലക്കിനെപ്പോലും അത്ഭുതപ്പെടുത്തുന്ന പരിഷ്കാരങ്ങളാണ് പിണറായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നതെന്നും ഫാസിസത്തിന് എതിരായ പോരാട്ടങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ്, നിയമസഭാ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.സലാഹുദ്ദീൻ, സംസ്ഥാന ട്രഷറർ എസ്. സന്തോഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സ്മരണിക പ്രകാശനവും വിദ്യാഭ്യാസ സമ്മേളന ഉദ്ഘാടനവും ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. സി. പ്രദീപ് അദ്ധ്യക്ഷനായി. വനിതാ സമ്മേളനം മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജീവൽശ്രീ പി. പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് സ്വരാജ് റൗണ്ടിൽ അദ്ധ്യാപകരുടെ പ്രകടനം നടന്നു.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരനും 11.30ന് നടക്കുന്ന ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സാംസ്‌കാരിക സദസ്സ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖും ഉദ്ഘാടനം ചെയ്യും.