എരുമപ്പെട്ടി: കൊറോണ വൈറസിനെതിരെയുള്ള ജാഗ്രത പ്രവർത്തനങ്ങൾ കടങ്ങോട് പഞ്ചായത്ത് ഊർജ്ജിതമാക്കി. ചൈനയിൽ നിന്നെത്തിയ അഞ്ച് പേരാണ് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്ക് വൈറസ് ബാധിച്ചിട്ടുള്ള ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല. എന്നാൽ കരുതലിന്റെ ഭാഗമായി ഇവർ വീടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരിൽ പലരും കൊറോണ അലർട്ടിന് മുമ്പ് തന്നെ ചൈനയിൽ നിന്ന് വന്നവരാണ്.
ചൈനയിൽ രോഗബാധിത പ്രദേശങ്ങളിലല്ല ഇവർ താമസിച്ചിരുന്നത്. സാധാരണ ഇൻക്യുബേഷൻ പിരിയഡ് 14 ദിവസമാണ്. എന്നാൽ അതീവ ജാഗ്രതയുടെ ഭാഗമായി 28 ദിവസമാണ് കരുതലും നിരീക്ഷണവും നടത്തുന്നത്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്നെത്തിയ യുവാവിന്റെ വിവാഹം പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് തടഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കരുതലിന്റെ ഭാഗമായി ഡിഎം.ഒയുടേയും ജില്ലാ കളക്ടറുടേയും നിർദേശ പ്രകാരമായിരുന്നു നടപടി. യുവാവുൾപ്പടെ നിരീക്ഷണത്തിലുള്ളവർക്ക് വൈറസ് ബാധ അനുഭവപ്പെട്ടിട്ടില്ലെന്നും അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പഞ്ചായത്തിൽ പ്രസിഡന്റ് രമണി രാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രത, ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ജയൻ, മെഡിക്കൽ ഓഫീസർ ഡോ.പി.വി. ശോഭ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ബാബു, മെമ്പർ സന്ധ്യ ബാലകൃഷ്ണൻ, റൂബി എന്നിവർ പങ്കെടുത്തു.