തൃശൂർ: സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന യന്ത്ര പ്രദർശന മേളയ്ക്ക് തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ ഇന്ന് തുടക്കമാകും. വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതിന് സാരംഭങ്ങൾക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ ഒരു കുടക്കീഴിൽ അണി നിരത്തിക്കൊണ്ട് ഏഴുമുതൽ പത്തുവരെയാണ് മേള സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ പരിസ്ഥിതിക്ക് അനയോജ്യമായ ആധുനിക സാങ്കേതിക വിദ്യകളും യന്ത്രസാമഗ്രികളും മേള അനാവരണം ചെയ്യും. കാർഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്‌കരണം, പാക്കേജിംഗ്, ജനറൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മരാധിഷ്ഠിത വ്യവസായം, റബ്ബർ ആൻഡ് പ്ലാസ്റ്റിക്, ഫുട്‌വെയർ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽ, ആയുർവേദ ആൻഡ് ഹെർബൽ, അപ്പാരൽ, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിലെ സംരംഭങ്ങൾക്കിണങ്ങുന്ന കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള 132 യന്ത്ര ഉത്പാദകരും, വിതരണക്കാരും മേളയിൽ പങ്കെടുക്കും.

ടി.എൻ. പ്രതാപൻ എം.പി, മേയർ ഇൻ ചാർജ് റാഫി പി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്. ഷാനവാസ്, വാർഡ് കൗൺസിലർ എം.എസ്. സമ്പൂർണ, വ്യവസായ വാണിജ്യ ഡയറക്ടർ ബിജു കെ, എം.എസ്.എം.ഇ ഡയറക്ടർ ഇൻ ചാർജ് പളനിവേൽ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻ ചാർജ് സജി.എസ് തുടങ്ങിയവർ പങ്കെടുക്കും.