തൃശൂർ: കൊറോണ രോഗബാധയെ തുടർന്ന് നിരീക്ഷണത്തിലുള്ളവർ വീടുകളിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കണ്ടെത്തൽ. കർശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്തും അവർ വീടുകളിൽ തന്നെ 28 ദിവസം കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. വീടുകളിൽ കഴിയുന്നവർ വീട്ടിലെ മറ്റ് അംഗങ്ങളുമായി അടുത്ത് ഇടപഴകുന്നത് നിർബന്ധമായി ഒഴിവാക്കണം. സന്ദർശകരെയും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. തങ്ങൾ ഉപയോഗിക്കുന്ന സോപ്പ്, ടവൽ, പാത്രങ്ങൾ തുടങ്ങിയവ വീട്ടുകാരുമായി പങ്കുവയ്ക്കരുത്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് പൊത്തിപിടിക്കുകയും വേണം.
രണ്ട് പേർ കൂടി ആശുപത്രിയിൽ
കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലാകെ 22 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുളളത്. ഇന്നലെ 2 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഒരോരുത്തർ വീതവും മെഡിക്കൽ കോളേജിൽ 12 ഉം ജനറൽ ആശുപത്രിയിൽ 8 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 229 ആണ്.
പത്ത് പേരെ വീടുകളിലേക്ക് അയച്ചു
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് എട്ട് പേരെ ഗവ. മെഡിക്കൽ കോളേജിൽ നിന്നും 2 പേരെ ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 2 സാമ്പിളുകൾ കൂടി ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 75 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 45 സാമ്പിളുകളുടെ ഫലം ലഭിച്ചു. 30 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. പുതുതായി പോസിറ്റീവ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആരോഗ്യ നില തൃപ്തികരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരം
പരിശീലനം 42000 കവിഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണത്തിന്റെ ഭാഗമായി 42,225 പേർക്ക് ജില്ലയിൽ ഒട്ടാകെ പരിശീലനം നൽകി. ഇന്നലെ മാത്രം 5,979 പേർക്ക് പരിശീലനം നൽകി. ജില്ലാ കളക്ടറേറ്റ് ജീവനക്കാർ, മതനേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, ഐ.സി.ഡി.എസ് കൗൺസിലർമാർ, സെന്റ് തോമസ് കോളേജിലെ എം.എസ്.ഡബ്ല്യൂ വിദ്യാർത്ഥികൾ, ആരോഗ്യകേരളം പദ്ധതിയിലെ കൗൺസിലർമാർ എന്നിവർക്ക് പരിശീലനം നൽകി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനുള്ള പരിശീലനമാണ് കൗൺസിലർമാർക്ക് നൽകിയത്.