ഗുരുവായൂർ: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ദേവസ്വം ജീവനക്കാർ അപമാനിച്ചതായി ആക്ഷേപം. ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദർശനത്തിനായി ഗുരുവായൂരിലെത്തിയ കെ.പി.സി.സി പ്രസിഡന്റിനെ ദേവസ്വം ഗസ്റ്റ് ഹൗസായ ശ്രീവത്സത്തിലെ ജീവനക്കാർ അപമാനിച്ചതായാണ് ആക്ഷേപം ഉയർന്നത്. ഗസ്റ്റ് ഹൗസിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് താഴത്തെ നിലയിലെ സ്യൂട്ട് റൂം അനുവദിക്കാതെ മുകളിലെ നിലയിലെ സ്യൂട്ട് നൽകിയെന്നതാണ് ആക്ഷേപമായി ഉയർന്നത്. ഇതു കാരണം ഗുരുവായൂരിൽ തങ്ങാതെ അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയായിരുന്നത്രെ. മന്ത്രിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് സാധാരണ ശ്രീവത്സത്തിൽ താഴത്തെ സ്യൂട്ട് റൂമാണ് അനുവദിക്കുക പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ട് ഗുരുവായൂരിലെത്തിയ മുല്ലപ്പള്ളിക്ക് മുകളിലെ സ്യൂട്ടാണ് നൽകിയിരുന്നത്. കുളികഴിഞ്ഞ് ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയ അദ്ദേഹം റൂം ഒഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിപ്പോകുകയും ചെയ്തിരുന്നു.
താഴയുള്ള രണ്ട് സ്യൂട്ടുകളിൽ ഒന്നാം നമ്പർ മുറി വി.വി.ഐ.പികൾക്ക് മാത്രമാണ് സാധാരണ നൽകാറുള്ളതെന്നും രണ്ടാമത്തെ മുറി അറ്റകുറ്റപ്പണികൾക്കായി അടച്ചതാണ് മുകളിലെ മുറി നൽകാൻ കാരണമെന്നും ദേവസ്വം അക്കമഡേഷൻ മാനേജർ പറഞ്ഞു. മുകളിലെ മുറി നൽകിയതിനെ കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് യാതൊരു പരാതിയും പറഞ്ഞിരുന്നില്ലെന്നും, നേരത്തെ രാമനിലയത്തിൽ താൻ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്ന് മാത്രമാണ് അറിയിച്ചതെന്നും മാനേജർ പറഞ്ഞു.