തൃശൂർ: പുസ്തകത്തിലൂടെ ഗിന്നസ് പ്രതാപം നേടി ടി.എൻ. പ്രതാപൻ എം.പി. പൂചെണ്ടിന് പകരം പുസ്‌കതങ്ങൾ വാങ്ങിയാണ് ഗിന്നസിൽ ഇടം പിടിച്ചത്. അദ്ധ്യപക സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ മാത്രം ലഭിച്ചത് പതിനായിരം പുസ്തകങ്ങൾ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ പൊതുസമ്മേളനവേദിലാണ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്ത പ്രതാപന് പൂച്ചെണ്ടിന് പകരം പുസ്തകങ്ങൾ സമ്മാനിച്ചത്.
പൊതുചടങ്ങുകളിൽ പൂച്ചെണ്ടിന് പകരം പുസ്തകം മതിയെന്ന ടി.എൻ. പ്രതാപൻ എം.പിയുടെ ആശയത്തിന് പിന്തുണയുമായാണ് തങ്ങളുടെ സമ്മേളനത്തിൽ വച്ച് പതിനായിരം പുസ്തകങ്ങൾ കൈമാറാൻ തീരുമാനിച്ചത്. കാസർകോട് ചെറുവത്തൂർ ജി.എൽ.പി സ്‌കൂൾ അദ്ധ്യാപിക ജി.കെ. ഗിരിജയാണ് യൂണിവേഴ്‌സൽ റെക്കാഡിലേക്കുള്ള ആദ്യ പുസ്തകം കൈമാറിയത്. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ആയിരുന്നു ആദ്യം നൽകിയത്. ശാസ്ത്രവും, കുട്ടിക്കഥകളും കവിതകളും ചരിത്രപുസ്തകങ്ങളുമെല്ലാം പുസ്തകക്കൂട്ടിലെത്തി.
യൂണിവേഴ്‌സൽ റെക്കാഡ്‌സ് ഫോറം പ്രതിനിധികളായ സുനിൽ ജോസഫ്, സത്താർ ആദൂർ, ലിജോ ജോർജ്ജ് എന്നിവരായിരുന്നു ലോകനേട്ടത്തിന് സാക്ഷികളാകാൻ എത്തിയത്. ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂൾ കോളേജ് വായനശാലകൾ, സ്‌നേഹതീരത്തെ വായനശാല, തൃശൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവുമധികം വായനക്കാരെത്തുന്ന വായനശാല എന്നിവർക്ക് കൈമാറാനാണ് നീക്കം. എം.പി യായി ചുമതലയേറ്റ ശേഷം നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് 8000 പുസ്തകങ്ങളാണ് ലഭിച്ചത്. ഇതിൽ 2000 പുസ്തകങ്ങൾ വിയ്യൂർ അതീവ സുരക്ഷാജയിലിലെ ലൈബ്രറിക്ക് നൽകിയിരുന്നു. എം.പിയുടെ പുസ്തകപ്രണയത്തെക്കുറിച്ച് അറിഞ്ഞ് പുസ്തക ഓഫറുകൾ ഏറെയുണ്ട്. ഇന്നലെ കെ.പി.എസ്.ടി.എ സമ്മേളവേദിയിൽ മാത്രം വാഗ്ദാനം ചെയ്യപ്പെട്ടത് 2500 പുസ്തകങ്ങളാണ്. കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികൾ ആയിരം പുസ്തകം വീതവും വർക്കല വിദ്യാഭ്യാസജില്ല 501 പുസ്തകവും നൽകാമെന്ന് ഏറ്റിട്ടുണ്ട്. യൂണിവേഴ്‌സൽ റെക്കാഡ്‌സ് ഫോറം പ്രതിനിധികൾ നൽകിയ റെക്കാഡ് സർട്ടിഫിക്കറ്റ് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം ഹസ്സൻ ഏറ്റുവാങ്ങി.