കൊടകര: മലയോര കുടിയേറ്റ ഗ്രാമമായ ഇഞ്ചക്കുണ്ടിൽ ഹരിതവനത്തെ തൊട്ടറിയാൻ ഒരു ജൈവവൈവിദ്ധ്യ പഠനമുറിയുണ്ട്. 1961ൽ ആരംഭിച്ച ലൂർദ്ദ് പുരം യു.പി സ്‌കൂളിലെ ജൈവവൈവിദ്ധ്യ പാർക്കിനോട് ചേർന്നാണ് ഈ പഠനമുറി. കുറേക്കാലമായി ജൈവവൈവിദ്ധ്യ പാർക്ക് ഇവിടെയുണ്ടെങ്കിലും പരിസ്ഥിതിയെ നോവിക്കാതെ കാടിനകത്തൊരു സ്ഥിരം ക്ലാസ് മുറി അധികൃതരുടെ സ്വപ്‌നമാണ് യാഥാർത്ഥ്യമായത്.
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഹരിതഭംഗി ആസ്വദിക്കാനും കാടിനെ തൊട്ടറിയാനും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട, ക്ലാസ് മുറിയിൽ നിന്നൊന്ന് ഇറങ്ങിയാൽ മതി. സ്‌കൂളിലെ രണ്ടേക്കറോളം ഭൂമി സ്വാഭാവിക വനമായി സംരക്ഷിക്കുന്നു. സമീപമുള്ള പുത്തനോളിയിൽ നിന്നെത്തുന്ന മലയണ്ണാൻ, മാൻ, മ്ലാവ്, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയ ചെറുമൃഗങ്ങൾ ജൈവ പാർക്കിലെ പതിവ് സന്ദർശകരാണ്.
ജൈവവൈവിദ്ധ്യ പഠനമുറി പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രനാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ അദ്ധ്യക്ഷയായിരുന്നു. പി.എസ്. പ്രശാന്ത്, ഷീല തിലകൻ, ലൈല ബഷീർ, റെജി ജോർജ്, എ.കെ. പുഷ്പാകരൻ, ശ്രീധരൻ കളരിക്കൽ പ്രധാനദ്ധ്യാപിക ഉഷ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പഠനമുറിയുടെ ഉദ്ഘാടനം നടന്നത്.
ജൈവ പാർക്കിൽ
വൃക്ഷലതാദികളുടെ പേരും ശാസ്ത്രീയ നാമവും മനസിലാക്കി ബോർഡുകളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും കാട്ടുവള്ളികളും വൻമരങ്ങളും ഇവിടെ ഇടതൂർന്ന് വളരുന്നു. കൊടുംവനത്തിൽ മാത്രമുള്ള അപൂർവ വൃക്ഷങ്ങളും ഈ ജൈവ പാർക്കിലുണ്ട്. ചീനി, ചേര്, കാട്ട് ഞാവൽ, ഉർളിഞ്ചി, ആവർ, കൊരങ്ങാട്ടി, പൂമരുത്, അമ്പഴം, കുങ്കുമം, ഇടംപിരി വലംപിരി, കുമിഴ്, ഉങ്ങ്, താണി, കാട്ടുനെല്ലി എന്നിങ്ങനെ നീളുന്ന അപൂർവ മരങ്ങൾ.
ജൈവ വൈവിദ്ധ്യ സാക്ഷരത
എല്ലാ വിദ്യാർത്ഥികളെയും ജൈവവൈവിദ്ധ്യ സാക്ഷരതരാക്കുക ലക്ഷ്യം
പരിസ്ഥിതി സൗഹാർദ്ദ അന്തരീക്ഷത്തിൽ പ്രകൃതി പഠന ക്ലാസുകൾ
കാടും പരിസരവും മാലിന്യ- പ്ലാസ്റ്റിക് മുക്തമാക്കാൻ പരിശീലനം
ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്താതെ പക്ഷിനിരീക്ഷണം, പ്രകൃതി പഠനം
സ്കൂൾ പക്ഷി, മിമിക്രിക്കാരൻ കാടുമുഴക്കി
താമസക്കാരും സന്ദർശകരുമായ അറുപതോളം പക്ഷികളുടെ ആവാസ കേന്ദ്രമാണ് ജൈവ പാർക്ക്. ഇവയെ കണ്ടെത്തി, തിരിച്ചറിഞ്ഞ ചിത്ര ശേഖരവുമുണ്ട്. കാടുമുഴക്കിയെന്ന ചെറുപക്ഷിയെ സ്‌കൂൾ പക്ഷിയായി പ്രഖ്യാപിച്ചു. പക്ഷികളിലെ മിമിക്രിക്കാരനായ കാടുമുഴക്കി ചെറുജീവികളെയും കിളികളെയും അപായ സൂചന നൽകി മറ്റു ജീവികളിൽ നിന്ന് രക്ഷിക്കുന്നയാൾ കൂടിയാണ്.
വംശനാശഭീഷണി നേരിടുന്ന അപൂർവ പക്ഷികളും ഇവിടെയുണ്ട്. സ്‌കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന പക്ഷിസർവേയിൽ ജൈവവൈവിദ്ധ്യ പാർക്കിലെ സ്ഥിരവാസികളായ 37 പക്ഷികളെയും വിരുന്നുകാരായ 17 പക്ഷികളെയും നാല് ദേശാടനപക്ഷികളെയും കണ്ടെത്തി.
നാട്ടിൻപുറങ്ങളിൽ കണ്ടുവരാത്ത ആൽകിളി, കാട്ടുവേലി തത്ത, തവിടൻ ബുൾബുൾ എന്നിവയെയും കണ്ടെത്തി. പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും വേനലിൽ വെള്ളം ലഭിക്കുന്നതിനായി വനത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ടാങ്കുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച് വെള്ളം നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.