ചാലക്കുടി: വൈസ് ചെയർമാൻ അടക്കമുള്ള ഭരണപക്ഷത്തെ സ്വതന്ത്രർ അനുകൂലിച്ച ടൗൺ മാസ്റ്റർ പ്ലാനിലെ ഭേദഗതി പ്രതിപക്ഷ പിന്തുണയോടെ ചെയർപേഴ്‌സൺ അംഗീകരിച്ചു. ഡി.ടി.പിയിൽ ഉൾപ്പെടാത്ത രണ്ടു വ്യക്തികൾക്ക് കോടതി വിധിപ്രകാരം കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകണമെന്ന് സ്വതന്ത്ര അംഗവും പൊതുമരാമത്ത് സ്ഥിരം സമിതി അംഗവുമായ യു.വി. മാർട്ടിനാണ് ആവശ്യം ഉന്നയിച്ചത്.
ഭരണപക്ഷ പാർലമെന്റ് പാർട്ടി ലീഡർ പി.എം. ശ്രീധരൻ ഇക്കാര്യം എതിർത്തു. വിഷയം സർക്കാർ പരിഗണനയിലാണെന്നും തീരുമാനം പിന്നീട് എടുക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിലും മാർട്ടിനെ അനുകൂലിച്ച് സംസാരിച്ചു. ഇതോടെ പ്രതിപക്ഷവും സ്വതന്ത്രരുടെ നിലപാടിനെ അനുകൂലിച്ചു.
വിഷയത്തിൽ വോട്ടിംഗ് വേണമെന്ന് അഭിപ്രായം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ ചെയർപേഴ്‌സന് അപടം മണത്തു. ഇതോടെ അവർ ഭൂരിപക്ഷ അഭിപ്രായം അംഗീകരിച്ച് റൂളിംഗ് നൽകുകയായിരുന്നു. കെട്ടിടം നിർമ്മിക്കുന്ന വ്യക്തികൾ ആർ.ഡി.ഒയുടെ അനുമതിപത്രം ഹാജരാക്കണമെന്ന നിബന്ധന മാത്രമാണ് അദ്ധ്യക്ഷ മുന്നോട്ട് വച്ച നിർദ്ദേശം.