തൃശൂർ : ബ‌ഡ്ജറ്റ്, തനത് പദ്ധതികളിൽ ഇടം നൽകാതെ നിരാശപ്പെടുത്തിയെങ്കിലും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഉൾപ്പെടെയുള്ളവർക്കായി പ്രഖ്യാപിച്ച പദ്ധതികൾ തൃശൂരിന് ഗുണം ചെയ്യുന്നത് ആശ്വാസമാകും. മുസ്‌രിസ് പദ്ധതി സമർപ്പണത്തിന് തിയതി കുറിച്ചതും തൃശൂർ മൃഗശാല പൂത്തൂരിലേക്ക് മാറ്റുമെന്ന പഴയ തീരുമാനവും ബഡ്ജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൊത്തം പ്രഖ്യാപിച്ച പദ്ധതികളിൽ ചിലത് നേട്ടം ഉണ്ടാക്കുമെന്നതാണ് ആശ്വാസം പകരുന്നത്. ടൂറിസം വികസനത്തിൽ വൻ കുതിപ്പ് പ്രതീക്ഷിക്കുന്ന മുസരിസ് പൈതൃക പദ്ധതി 2020-21ൽ കമ്മിഷൻ ചെയ്യുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കാൻ അഞ്ചുകോടി നൽകുമെന്ന പ്രഖ്യാപനം രൂക്ഷമായ മാലിന്യപ്രശ്‌നം നേരിടുന്ന തൃശൂരിന് ആശ്വാസം പകരും.
വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസനത്തിനായി പത്ത് കോടിയും ടാറിംഗ് ആദ്യ ഘട്ടം പൂർത്തീകരിച്ച കൈപ്പറമ്പ് പറപ്പൂർ റോഡിലെ ബാക്കി ഭാഗം ടാറിംഗ് നടത്തുന്നതിന് 4 കോടിയും അടക്കം 14 കോടിയുടെ പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമെ എറണാകുളം ജില്ലയിലെ പള്ളിയാക്കൽ സഹകരണ ബാങ്ക് നടപ്പിലാക്കിയിട്ടുള്ള സംയോജിത കൃഷി സംവിധാനം വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശത്ത് കൂടി വ്യാപിപ്പിക്കും. പഴം പച്ചക്കറി തുടങ്ങിയവയുടെ ഉദ്പാദനത്തിൽ കുടുംബാവശ്യങ്ങൾ കഴിഞ്ഞ് മിച്ചം വരുന്ന ഒരു പ്ലാറ്റ് ഫോമിൽ സമാഹരിക്കുന്നതാണ് ഈ പദ്ധതി. തൃശൂരിലെ അഗ്രോപാർക്കിൽ പഴങ്ങളിൽ വൈനുണ്ടാക്കുന്ന പദ്ധതി പുതിയ വ്യവസായ കുതിപ്പിന് ഊർജം പകരും.

ലളിതകല അക്കാഡമിക്ക് ഏഴുകോടി


ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സാംസ്‌കാരിക നിലയത്തിന് ഒരു കോടി നീക്കിവെച്ചിട്ടുണ്ട്. അമേച്വർ നാടകങ്ങളെ പ്രോത്സാഹിപ്പിക്കാനും തുകയുണ്ട്. തൃശൂരിൽ പ്രവർത്തിക്കുന്ന ഡോ. ജോൺ മത്തായിയുടെ തറവാട് പുനരുദ്ധരിക്കും. അവിടെ പി.ജെ തോമസ്, വി.ആർ പിള്ള, പത്മനാഭൻ പിള്ള, ഡോ.കെ.എൻ രാജ് എന്നിവർക്ക് സ്മാരകം വികസിപ്പിക്കും. പ്രൊഫ. എം.എ ഉമ്മർ ആയിരിക്കും പദ്ധതിയുടെ മുഖ്യ ഉപദേശകൻ.


ആശ്വാസമേകുന്നത്

ബോട്ട് ലീഗിന് കൂടുതൽ തുക വകയിരുത്തി പ്രോത്സാഹനം നൽകുമെന്ന വാഗ്ദാനം കൊടുങ്ങല്ലൂരിലെ ജലമേളയ്ക്ക് ഉൾപ്പെടെ ഗുണകരമാകും
തീരദേശ വികസനത്തിന് ആയിരം കോടി നീക്കിവച്ചത് തീരദേശ മേഖലയ്ക്ക് ഗുണമാകും
ടൂറിസം പ്രോത്സാഹനത്തിന് സർക്കാർ 320 കോടി നീക്കിവെച്ചതിൽ ഒരു വിഹിതം ലഭിക്കും
വാസ്തു ശിൽപങ്ങൾക്ക് പേരുകേട്ട ക്ഷേത്രങ്ങൾ പുനരുദ്ധരിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതീക്ഷ
എല്ലാ ഹാർബറുകളിലും മത്സ്യം സൂക്ഷിക്കാൻ സംവിധാനമെന്ന വാഗ്ദാനത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ
ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം നവംബറിൽ തൃശൂരിൽ
നദി പുനരുജ്ജീവന പദ്ധതികൾ, കുളങ്ങളും തോടുകളും നവീകരിക്കുമെന്ന പ്രഖ്യാപനം, വിശപ്പുരഹിത കേരളം പദ്ധതി എന്നിവ നേട്ടം
1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് അതിവേഗ റെയിൽവേ പദ്ധതിയുടെ ഗുണഭോക്താവാകും
ജില്ലാ ആശുപത്രികളിൽ ട്രോമോകെയർ സംവിധാനം വടക്കാഞ്ചേരി ഓട്ടുപാറയിലെ ജില്ലാ ആശുപത്രിക്കും നേട്ടം
ഫിഷ് മാർക്കറ്റുകൾക്ക് നൂറു കോടി നീക്കിവെച്ചതിലും പ്രതീക്ഷ
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, മത്സ്യത്തൊഴിലാളികൾക്കും പട്ടികവിഭാഗങ്ങൾക്കും നാൽപതിനായിരം വീടുകൾ
കോൾമേഖലയിൽ ഇരിപ്പൂകൃഷിക്ക് രണ്ടര കോടി നീക്കി വച്ചു
റൈസ് പാർക്കുകൾ നവീകരിക്കുമ്പോൾ ചേലക്കര റൈസ് പാർക്കിനും നേട്ടം
പാലക്കാട്ടെ റൈസ് പാർക്ക് 2021ൽ പ്രവർത്തന സജ്ജമാകുമെന്ന പ്രഖ്യാപനം തൃശൂരിലെ കർഷകർക്കും ഗുണകരം.