തൃശൂർ : ഉത്സവങ്ങളോടനുബന്ധിച്ച് ജില്ലയിലെ ആനകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 20നുള്ളിൽ പൂർത്തിയാക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്ന ആനകളുടെ ഡാറ്റാബാങ്ക് കൃത്യമായി ഉടമകൾ സൂക്ഷിക്കണം. ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരുമ്പോൾ ഒരാഴ്ചയിലെ ആനയുടെ സഞ്ചാര രജിസ്റ്റർ പാപ്പന്മാർ കൃത്യമായി രേഖപ്പെടുത്തണം. ആനകളെ എവിടെ നിന്ന് കൊണ്ട് വരുന്നു, വിശ്രമിക്കാൻ ആനകൾക്ക് സമയം നൽകിയോ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടായി നൽകണം. നിലവിലുള്ള സംഘടനകളുടെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫൈ ചെയ്യാൻ സംസ്ഥാന തലത്തിൽ കമ്മിറ്റി രൂപീകരിക്കുന്നതിന് ജില്ലയിലെ മന്ത്രിമാരുമായി സംസാരിക്കുമെന്ന് കളക്ടർ പറഞ്ഞു. സമയക്രമങ്ങളുടെ ഭാഗമായി രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശനമായ വിലക്കുണ്ടെന്നും ആനകളെ നിരയായി നിറുത്തുമ്പോൾ മൂന്ന് മീറ്റർ അകലം നിർബന്ധമായും പാലിക്കണമെന്നും തീരുമാനമായി.