anujath

തൃശൂർ: മത്സരത്തിനായല്ല, അമ്മയോടുള്ള അഗാധ സ്നേഹത്താലാണ് അനുജാത് "എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും" എന്ന ചിത്രം വരച്ചത്. 9 വയസുകാരന്റെ അമ്മക്കാഴ്ചകൾക്ക് യാഥാർത്ഥ്യത്തിന്റെ കടുംപച്ച നിറമായിരുന്നു. ഇപ്പോഴിതാ രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുന്ന കേരളത്തിലെ എല്ലാ അമ്മമാരുടെയും ബിംബമായി ആ ചിത്രം മാറി. സംസ്ഥാന ബഡ്‌ജറ്റിന്റെ ജെൻഡർ ബഡ്ജറ്റ് അവലോകന റിപ്പോർട്ടിന്റെ മുഖചിത്രമായതിലൂടെ.

അനുജാതിന്റെ അമ്മ സിന്ധു, ഹൃദയസംബന്ധമായ അസുഖങ്ങളാൽ കഴിഞ്ഞ നവംബറിലാണ് വേർപിരിഞ്ഞത്. ഒപ്പമുണ്ടായിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുക ആ അമ്മയായിരുന്നേനെ.

തൃശൂർ ദേവമാതാ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയും ചിത്രകാരനായ ചെമ്പൂക്കാവ് കുണ്ടുവാര സ്വദേശി വിനയ് ലാലിന്റെ ഇളയ മകനുമാണ് അനുജാത് സിന്ധു ലാൽ.

അനുജിതിന്റെ ചിത്രത്തിലെ അമ്മയുടെയും അയലത്തെ അമ്മമാരുടെയും കാണാപ്പണികളാണ് എന്റെ മനസിൽ തട്ടിയതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ബഡ്ജറ്റ് പ്രസംഗത്തിലെ വരികൾ ആ ചിത്രത്തിനുള്ള മറ്റൊരു പുരസ്കാരമാണ്. ചുവന്ന പാവാടയും വെള്ള ബ്ലൗസും ധരിച്ച് വിവിധ ജോലികളിൽ രാപ്പകലില്ലാതെ ഏർപ്പെടുന്ന സാധാരണക്കാരായ സ്ത്രീകളുടെ ചിത്രമാണ് 'എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും'. മുക്കുറ്റിയും മത്തനിലയും ചേമ്പും അതിന്റെ പൂക്കളും ഇലകളും ആടുകളും മറ്റ് നാടൻ ജീവികളും ഈ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

പുരസ്കാര നിറവിൽ

അനുജാതിന്റെ അമ്മ ചിത്രത്തിന് ശങ്കേഴ്‌സ് രാജ്യാന്തര പുരസ്‌കാരം ലഭിച്ചിരുന്നു. 2014ൽ പ്രഥമ ക്ലിന്റ് മെമ്മോറിയൽ ഇന്റർനാഷണൽ അവാർഡ്,

കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ പുരസ്‌കാരവും ലഭിച്ചു. 2021ൽ 'കലയുടെ ആനന്ദം" കുട്ടികളുടെ കാമ്പയിൻ നടത്താനുള്ള ശ്രമത്തിലാണ് അനുജാത്. വരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ 'എനിക്ക് ചുറ്റും എന്തെല്ലാം കാഴ്ചകൾ' എന്ന പേരിൽ തൃശൂർ ലളിതകലാ അക്കാഡമിയിൽ ലൈവ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. മത്സരമല്ല കലയുടെ അടിസ്ഥാനമെന്ന അച്ഛൻ വിനയ്‌ലാലിന്റെ ഉപദേശം സ്വീകരിച്ച് മൂന്നുവർഷമായി ചിത്രരചനാ മത്സരങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്.