കുറ്റിച്ചിറ: പരാധീനതകൾക്ക് മദ്ധ്യേയാണ് കുറ്റിച്ചിറ വില്ലേജ് ഓഫീസ്. തൊഴിലെടുക്കുന്ന ജീവനക്കാർക്ക് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തുന്ന സാധാരണക്കാരെയും ദുരിതക്കയത്തിലാഴ്ത്തുകയാണ് ഈ ഓഫീസ്. കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് കുറ്റിച്ചിറ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം.

കുറ്റിച്ചിറ ജംഗ്ഷനിൽ നിന്നുമാറി കനാലിന്റെ താഴെ നിൽക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം കാലപ്പഴക്കും കൊണ്ട് ഏതുനിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. ചുറ്റുമുള്ള മരങ്ങളുടെ ഇലകൾ കെട്ടിടത്തിന്റെ മുകളിലും പരിസരത്തും നിറഞ്ഞ് കിടക്കുന്നു. ഇതിനിടയിൽ ഇഴജന്തുക്കൾ വരെ ഉണ്ടാകാമെന്നാണ് നാട്ടുകാരുടെ ഭയം.

വില്ലേജ് ഓഫീസ് കെട്ടിടം വളരെ വിസ്തൃതമാണെങ്കിലും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ വേണ്ട സൗകര്യമില്ലെന്ന പരിമിതിയുണ്ട്. കാടുപിടിച്ചു നിൽക്കുന്ന കെട്ടിടത്തിനുള്ളിൽ സദാസമയവും ഇരുട്ടാണ്. വൈദ്യുതി നിലച്ചാൽ ജീവനക്കാർക്ക് എഴുതാൻ പോലും കഴിയില്ല, ഇതോടെ ഓഫീസ് പ്രവർത്തനവും നിലയ്ക്കും.

കുറ്റിച്ചിറ വില്ലേജിൽ ഇപ്പോൾ സ്ഥിരമായി വില്ലേജ് ഓഫീസർ ഇല്ലാത്തതും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയിട്ട് രണ്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ഓഫീസറെ നിയമിച്ചിട്ടില്ല. മുഴുവൻ സമയവും വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്നവർ വെറുംകൈയോടെ നിരാശരായി മടങ്ങുകയാണ്.

കുറ്റിച്ചിറ വില്ലേജ് ഓഫീസ്

കാലപ്പഴക്കമേറിയ കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ

ഓഫീസ് കെട്ടിടത്തിന്റെ മുകളിലും സമീപത്തും കരിയലക്കാട് പിടിച്ച നിലയിൽ

വില്ലേജിൽ എത്തുന്ന സാധാരണക്കാർക്ക് ഇരിക്കാനും വിശ്രമിക്കാനും സൗകര്യമില്ല

കൂരിരുട്ടുള്ള വില്ലേജ് ഓഫീസിൽ വൈദ്യുതി മുടങ്ങിയാൽ പ്രവർത്തനം നടക്കില്ല

സ്ഥിരമായി വില്ലേജ് ഓഫീസറില്ലാത്തതിനാൽ സാധാരണക്കാർ വലയുന്നു


വില്ലേജ് ഓഫീസ് കുറ്റിച്ചിറ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചാൽ വളരെ ദൂരത്ത് നിന്ന് വരുന്നവർക്കും പെട്ടന്ന് ഓഫീസിൽ എത്തിച്ചേരാൻ സാധിക്കും. എല്ലാ സൗകര്യങ്ങളോടും കൂടി വില്ലേജ് ഓഫീസ് കുറ്റിച്ചിറ ജംഗഷനിലേക്ക് മാറ്റി സ്ഥാപിക്കണം.

- ചങ്ങാതിക്കൂട്ടം സ്വയം സഹായ ഗ്രൂപ്പ്, കുണ്ടുകുഴിപ്പാടം