gvr-news-photo
ഇടത്തരികത്ത്കാവ് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് കോമരം പറ ചൊരിയുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. പുലർച്ചെ നിർമാല്യ ദർശനത്തോടെ ആഘോഷങ്ങക്ക് തുടക്കമായി. ഉച്ചയ്ക്ക് ഭഗവതിയുടെ പുറത്തേക്കെഴുന്നള്ളിപ്പിന് വൈക്കം ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. തുടർന്ന് പഞ്ചവാദ്യം അവസാനിച്ച ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറി.

ക്ഷേത്ര മതിലകം വിട്ട് പുറത്തിറങ്ങിയ ഭഗവതിയെ നെല്ല്, അവിൽ, മലർ, പുഷ്പങ്ങൾ, മഞ്ഞൾപ്പൊടി, കുങ്കുമം തുടങ്ങിയവ നിറച്ച ആയിരത്തിലേറെ നിറപറകൾ വെച്ച് ഭക്തർ സ്വീകരിച്ചു. പുറത്തേക്കെഴുന്നള്ളിപ്പ് സമാപിച്ച ശേഷം നാദസ്വരത്തിന്റെ അകമ്പടിയിൽ കുളപ്രദക്ഷിണമായി ഭഗവതിയെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ക്ഷേത്രത്തിൽ സന്ധ്യക്ക് ദീപാരാധന, ദീപാലങ്കാരം, കേളി, തായമ്പക എന്നിവ നടന്നു.

രാത്രി പുറത്തേക്കെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്രത്തിൽ കളംപാട്ട്, കളം പൂജ എന്നിവയുണ്ടായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ അഷ്ടപദി, ആദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് കഥകളി എന്നിവയും അരങ്ങേറി.