വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ വസ്തു നികുതി പരിഷ്‌കരണത്തിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരികൾ. 2016 എപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന വസ്തുനികുതി പരിഷ്‌കരണത്തിൽ കടിശ്ശികയോടൊപ്പം പിഴയും കൂടി അടയ്ക്കണമെന്ന വ്യവസ്ഥയാണ് വ്യാപാരികളിൽ പ്രതിഷേധത്തിന് ഇടയാക്കിയത്‌.

2016, 17 വർഷത്തെ നികുതി വ്യാപാരികൾ അടച്ചതാണ്. അഞ്ച് കൊല്ലം കഴിയുമ്പോൾ മാത്രമാണ് നികുതി വർദ്ധനവ് പാടുള്ളൂ എന്നിരിക്കെ വടക്കാഞ്ചേരി നഗരസഭ തന്നിഷ്ടം പോലെ നികുതി പിരിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. മറ്റ് നഗരസഭകൾ ഇത്തരത്തിൽ നികുതി ഈടാക്കുന്നില്ല.

ലൈസൻസ് പുതുക്കണമെങ്കിൽ നികുതി കൂടി അടയ്ക്കണമെന്നാണ് നഗരസഭ പറയുന്നത്. അതിനാൽ നികുതി അടയ്ക്കാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു. നിലിൽ 120 രൂപ നികുതി അടച്ചിരുന്നവർ 880 രൂപ ഇപ്പോൾ നികുതി അടയ്ക്കണം. കടുത്ത പ്രതിസന്ധിയിൽ വ്യാപാരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിനിടെയാണ് നഗരസഭയുടെ ഇരുട്ടടി യെന്ന് വ്യാപാരികൾ ആരോപിച്ചു.

നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് പിഴ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് വടക്കാഞ്ചേരി നഗരസഭ പ്രവർത്തിക്കുന്നത്.

- അജിത് കുമാർ മല്ലയ്യ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്