ചാലക്കുടി: നഗരസഭയുടെ ഒന്നാംഘട്ട ചേരി നിർമാർജ്ജന പദ്ധതി പൂർത്തിയാകുന്നു. സെന്റ് മേരീസ് ഫൊറോന പള്ളി പരിസരത്തെ 19-ാം വാർഡിൽ കനാൽ പുറമ്പോക്കിലെ പത്തുവീടുകളെ ഇതിനകം മാറ്റിക്കഴിഞ്ഞു, നാലു വീടുകളുടെ നിർമ്മാണം നടക്കുന്നു. ഇന്നലെയാണ് പന്ത്രണ്ടാമത്തെ വീട് മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയാക്കിയത്.
അവശേഷിക്കുന്ന രണ്ടു വീട്ടുകാരെ ദിവസങ്ങൾക്കകം വാടക വീട്ടിലേക്ക് മാറ്റും. ഇവരടക്കം എല്ലാ കുടുംബങ്ങൾക്കും പുതിയ വീടുകൾ നൽകുകയാണ്. ഇവർക്ക് ഭൂമി വാങ്ങി നൽകിയത് ഫൊറോന പള്ളിയാണ്. ഓരോ വീടിനും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയും സർക്കാരും ചേർന്ന് നാലുലക്ഷം രൂപയും നൽകി. രണ്ടാം ഘട്ടത്തിൽ 59 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറഞ്ഞു.
ഇതിൽ 19-ാം വാഡിലെ 14ഉം, ഇരുപതിലെ 16ഉം ഇരുപത്തിയൊന്നാം വാർഡിലെ 29ഉം വീടുകളാണ് ഉൾപ്പെടുന്നത്. വാർഡ് ഇരുപതിലെ ഭൂരിഭാഗം പേർക്കുമുള്ള പുതിയ വീടുകൾ ഇതിനകം പൂർത്തിയായി. കഴിഞ്ഞ ദിവസം വീടുമാറ്റം നടക്കുന്ന സ്ഥലത്ത് കൗൺസിലർമാരായ സീമ ജോജോ, യു.വി. മാർട്ടിൻ എന്നിവരും സന്നിഹിതരായിരുന്നു.