ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ കഥകളി തെക്കൻ കളരി ആരംഭിച്ച് 50 വർഷം പിന്നിട്ടതിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾ കൂത്തമ്പലത്തിൽ നടന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ 50 ഭദ്രദീപങ്ങൾ തെളിഞ്ഞു. തുടർന്ന് കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അദ്ധ്യക്ഷനായി. തുടർന്ന് തെക്കൻ ചിട്ടക്ക് അമൂല്യ സംഭാവനകൾ നൽകിയ മാത്തൂർ ഗോവിന്ദൻ കുട്ടി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, കലാമണ്ഡലം രാജശേഖരൻ, കലാഭാരതി രാജൻ, കലാമണ്ഡലം മുരുകൻ പിള്ള, വക്കം നരേന്ദ്രൻ, കലാമണ്ഡലം ഹരി ആർ. നായർ എന്നിവരെ ആദരിച്ചു. തെക്കൻ ചിട്ടയുടെ ലാവണ്യ ശാസ്ത്രം എന്ന വിഷയത്തിൽ നടന്ന സിംപോസിയത്തിൽ കലാമണ്ഡലം രാജശേഖരൻ മോഡറേറ്ററായി.
തെക്കൻ ചിട്ടയുടെ വികാസ ഘട്ടങ്ങൾ, തെക്കൻ ശൈലിയിൽ മടവൂരാശാന്റെ രംഗപ്രഭാവം, കലാമണ്ഡലത്തിലെ തെക്കൻ കളരി എന്നീ വിഷയങ്ങളിൽ ഡോ. പി. വേണുഗോപാൽ, വി. കലാധരൻ, കെ.ബി. രാജാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് ചൊല്ലിയാട്ടം, പുറപ്പാട്, രംഗാവതരണം എന്നിവ നടന്നു.